റാസൽഖൈമയിൽ നടന്ന കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ സൗഹൃദ മത്സരം കാണാനെത്തിയ മഞ്ഞപ്പട ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ് ദുബൈയിൽ തുടരും; കൂടുതൽ മത്സരം കളിച്ചേക്കും

ദുബൈ: രണ്ടാഴ്ചത്തെ പരിശീലന മത്സരങ്ങൾക്കായി യു.എ.ഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീം കൂടുതൽ ദിവസം ഇവിടെ തുടരും. ഫിഫ വിലക്കിനെ തുടർന്ന് പ്രധാന പരിശീലന മത്സരങ്ങൾ മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ദുബൈയിൽ തുടരുന്നത്. എതിരാളികൾ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

ആഗസ്റ്റ് 17നാണ് ടീം ദുബൈയിലെത്തിയത്. ദുബൈ അൽനസ്ർ ക്ലബ്, ഹത്ത എഫ്.സി, ഫുജൈറ ദിബ്ബ ക്ലബ് എന്നിവക്കെതിരെയായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.

എന്നാൽ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്ക് വന്നതോടെ ഈ മത്സരങ്ങൾ മുടങ്ങുകയായിരുന്നു. പതിനായിരത്തോളം കാണികളെ ഉൾപ്പെടുത്തി മത്സരം നടത്താനായിരുന്നു പദ്ധതി. കളി മുടങ്ങിയതോടെ ദുബൈ അൽനസ്ർ ഗ്രൗണ്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലനം. മുഖ്യപരിശീലകൻ ഇവാൻ വുകുമിനോവിചിന്‍റെ നേതൃത്വത്തിൽ സമ്പൂർണ ടീമാണ് ദുബൈയിലുള്ളത്.

കഴിഞ്ഞ ദിവസം കരാർ ഒപ്പുവെച്ച ദിമിത്രിയോസും ദുബൈയിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം റാസൽഖൈമയിൽ അൽജസീറ ക്ലബിനെതിരെ ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം ജയിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും ഗോൾ നേടിയിരുന്നു.

പുതുതായെത്തിയ ദിമ്രിത്രിയോസും വലകുലുക്കിയത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. കളി കാണാൻ മഞ്ഞപ്പട ആരാധകരും എത്തിയിരുന്നു. വരും ദിവസങ്ങളിൽ ദുബൈയിൽ കളി നടത്താനാണ് ശ്രമം നടക്കുന്നത്.

ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ആരവത്തിനിടയിലും ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കാണാനുള്ള ആവേശത്തിലാണ് യു.എ.ഇയിലെ ഫുട്ബാൾ പ്രേമികൾ. 

Tags:    
News Summary - Kerala Blasters to stay in Dubai; More competition may be played

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.