പെന്‍ഷന്‍ കൂട്ടിയതും ചിട്ടിയും പ്രവാസികൾക്ക്‌ നേട്ടം 

ദുബൈ: പിണറായി സര്‍ക്കാരിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രവാസികളുടെ ചില പ്രധാന ആവശ്യങ്ങള്‍ക്ക് പരിഗണന. പ്രവാസി പെന്‍ഷന്‍ നിലവിലെ 500 രുപയില്‍ നിന്ന് 2,000 രൂപയാക്കിയതും പ്രവാസികള്‍ക്കായി പ്രത്യേക ചിട്ടി തുടങ്ങുന്നതുമാണ് എടുത്തുപറയാവുന്നത്. 

പ്രവാസി വകുപ്പായ നോര്‍ക്കക്ക്  61 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് നേട്ടമായി. കഴിഞ്ഞ ബജറ്റില്‍ ഇത് 28 കോടി രൂപ മാത്രമായിരുന്നു. അതേസമയം ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിനും അതിനായുള്ള നൈപുണ്യവികസനത്തിനും 18 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്. കഴിഞ്ഞ ജൂലൈയില്‍ തോമസ് ഐസക് തന്നെ അവതരിപ്പിച്ച 2016-17ലെ പുതുക്കിയ ബജറ്റില്‍ 24 കോടി രൂപ ഇതിനുണ്ടായിരുന്നു. എന്നാല്‍  ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ നിര്‍ബന്ധിതരായവര്‍ക്ക് മരണം, വിവാഹം, അപകട സഹായം, ആരോഗ്യസഹായം തുടങ്ങിയ സാന്ത്വന പരിപാടിക്ക് 13 കോടി രൂപ വേറെ മാറ്റിവെച്ചിട്ടുണ്ട്. ക്ഷേമനിധിക്ക് ആറു കോടി രൂപയും ബജറ്റിലുണ്ട്.  

പ്രവാസികളുടെ എണ്ണം കണക്കാക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപ്പാക്കുമെന്നും  പ്രവാസികള്‍ക്കായി ലോക കേരള സഭ എന്ന വേദി രൂപവത്കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം അഞ്ചും ആറരയും  കോടി രൂപ വകയിരുത്തി.

പ്രവാസി പെന്‍ഷന്‍  3,000 രൂപയെങ്കിലൂം ആക്കുമെന്നായിരുന്നു പൊതുവെ  പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ചുരുങ്ങിയത് 5,000 രൂപ പെന്‍ഷന്‍ വേണമെന്നായിരുന്നു വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കിയത് നാലുമടങ്ങ് വര്‍ധനയാണെന്നും ഒറ്റയടിക്ക് ഇതേ സാധ്യമാകൂവെന്നുമാണ് സര്‍ക്കാര്‍ അനൂകുലികള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവാസി ക്ഷേനിധിയില്‍ ചേര്‍ന്ന് മാസം 300 രൂപ വീതം അംശാദായം 60 വയസ്സുവരെ അടക്കുന്നവര്‍ക്കാണ് പെന്‍ഷന് അര്‍ഹത.

പ്രവാസികളെ മാത്രം മുന്നില്‍ കണ്ട് പുതിയൊരു ധനസമാഹരണ പരീക്ഷണത്തിന് ധനമന്ത്രി തോമസ് ഐസക് ഈ ബജറ്റില്‍ തുടക്കം കുറിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി അവകാശപ്പെടുന്ന കിഫ്ബിയിലേക്ക് പ്രവാസികളുടെ നിക്ഷേപം എത്തിക്കാനാണ് ശ്രമം.  ലക്ഷം കോടി രൂപ വര്‍ഷം തോറും നാട്ടിലേക്കയക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപ അവസരം സര്‍ക്കാരുകള്‍ ഒരുക്കുന്നില്ളെന്ന നീണ്ട കാലത്തെ പരാതിക്ക് പരിഹാരമായും പ്രവാസി നിക്ഷേപം വഴി കേരളത്തിന്‍െറ വികസനം സാധ്യമാക്കാനുമുള്ള ശ്രമമായാണിത് വിലയിരുത്തപ്പെടുന്നത്.  1267 കി.മീ ദൈര്‍ഘ്യം വരുന്ന സമ്പൂര്‍ണ മലയോര ഹൈവേ, ഒമ്പത് തീരദേശ ജില്ലകളിലായി 630 കി.മീറ്റര്‍ നീളത്തില്‍ പണിയുന്ന തീരദേശ പാത എന്നിവ വിദേശ മലയാളികളുടെ പിന്തുണയോടെ നിര്‍മിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. 10,000 കോടി രൂപയാണ് രണ്ടു പാതക്കും കൂടി കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ഫണ്ട് ബോര്‍ഡ് (കിഫ്ബി)  നിക്ഷേപിക്കുന്നത്. ഇതിലേക്ക് പ്രവാസികളുടെ നിഷേപം കെ.എസ്.എഫ്.ഇയുടെ എന്‍.ആര്‍.ഐ ചിട്ടികളിലൂടെയാണ് സമാഹരിക്കുക. ആദ്യവര്‍ഷം തന്നെ ഒരുലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തീരദേശ,മലയോര ഹൈവേകള്‍ക്ക് വേണ്ടിയുള്ള ബോണ്ടുകള്‍ പൂര്‍ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കും. പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇക്ക് കോള്‍ ഒപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള പണം കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് തോമസ് ഐസക് പറയുന്നത്. 

കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ സമ്പാദ്യം ചിട്ടിയിലിടാമെന്നാണ് ധനമന്ത്രിയൂടെ വാഗ്ദാനം. മിച്ചപണം കിഫ്ബിയുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നതുകൊണ്ട് പ്രവാസിക്ക് ഒരു അധിക അപകടവും വരുന്നില്ല. സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്‍െറ വികസനത്തില്‍ പങ്കാളികളാകാനും അവസരം എന്നാണ് ധനമന്ത്രി പറയുന്നത്. ജൂണിനകം പദ്ധതി ആരംഭിക്കും. സ്വകാര്യ തട്ടിപ്പ് കുറിക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയില്‍  ജീവിത സമ്പാദ്യം നിക്ഷേപിച്ച് കൈപൊള്ളിയ അനുഭവമേറെയുള്ള പ്രവാസികള്‍ക്ക് ഇത് പുതിയ അവസരമാണെന്നതില്‍ സംശയമില്ല.

പ്രവാസി മലയാളികളുടെ കൃത്യമായ കണക്കില്ളെന്ന പരാതിക്ക് പരിഹാരം കാണാനും മന്ത്രി തോമസ് ഐസക് പുതിയ  നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലുടെ ഡാറ്റബേസുണ്ടാക്കാനുള്ള ശ്രമം ഫലപ്രദമാകണമെങ്കില്‍ പ്രവാസികള്‍ പൂര്‍ണസഹകരണമുണ്ടായേ പറ്റു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഇന്‍ഷൂറന്‍സ് പാക്കേജ് രുപം നല്‍കാന്‍ അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിനും മാര്‍ക്കറ്റ് ഇന്‍റലിജന്‍സിനും റിക്രൂട്ട്മെന്‍റിന് മുമ്പും പിമ്പുമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുമായി 5.8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

Tags:    
News Summary - kerala budget 2017 expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.