ദുബൈ: ഓരോ വർഷവും ഡൽഹിയിലേക്ക് പ്രതിനിധികളെ അയക്കാൻ കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും ഇന്ത്യൻ റിപ്പബ്ലിക്കാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ദുബൈയിൽ പറഞ്ഞു. കെ.വി. തോമസിനെ കാബിനറ്റ് പദവിയോടെ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം പ്രത്യേക രാജ്യമല്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും മനസിലാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാസമാസം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാറുണ്ട്. കേരളത്തിന് അർഹമായ സഹായം കേന്ദ്രം നൽകാറുമുണ്ട്. ഇതിന് പുറമെ റസിഡന്‍റ് കമ്മീഷണറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാധിക്കാത്ത ഏത് കാര്യമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
നിലവിലെ പ്രതിനിധിക്ക് ഇംഗ്ലീഷിൽ കത്തെഴുതലാണ് പ്രധാന പണി. ഇതിന് പുറമെയാണ് ഒരാളെ കൂടി വെക്കുന്നത്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്നന്നും പറയുമ്പോൾ തന്നെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മറ്റൊരാളെ ഡൽഹിക്ക് അയക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.