അബൂദബി: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്‍ യു.എ.ഇയുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിന്റെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. പതിറ്റാണ്ടുകളായി കേരളവും യു.എ.ഇയും തമ്മിലുള്ള ഊഷ്മളബന്ധം ഇതിനോടകം തന്നെ വിവിധ സംരംഭങ്ങളുടെ തുടക്കത്തിനും സഹകരണത്തിനുമുള്ള വാതിലുകളാണ് തുറന്നിട്ടുള്ളത്. കേരളത്തോട് പ്രത്യേകം താല്പര്യമുള്ള ശൈഖ് മുഹമ്മദിന്റെ സ്ഥാനാരോഹണം കൂടുതല്‍ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു കേരളവും യു.എ.ഇയും തമ്മില്‍ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപം അടക്കമുള്ള സഹകരണത്തിനുള്ള ധാരണ. ഇതുസംബന്ധിച്ച കരാറില്‍ വൈകാതെ ഒപ്പുവെക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അബൂദബി ടൂറിസം സാംസ്കാരിക വകുപ്പ് ചെയര്മാന് ഖലീഫ അല്‍ മുബാറക്കും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്‍ ചെയര്‍മാനായ 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുള്ള മുബാദല കേരളവുമായി സഹകരിക്കാന്‍ നിക്ഷേപം ഇറക്കാനും യോജിച്ച മേഖലകള്‍ കണ്ടെത്താന്‍ ഇടപെടുമെന്നും നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ശൈഖ് മുഹമ്മദിന്റെ സ്ഥാനാരോഹണം കേരളത്തിന് പ്രതീക്ഷ നല്‍കുന്നതും ഇതിനാലാണ്. പെട്രോ കെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യ സംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപം നടത്താനാണ് മുബാദല താല്പര്യം പ്രകടിപ്പിച്ചത്.
അതേസമയം, യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുന്നതും കേരളത്തിനും മലയാളികള്‍ക്കും എപ്പോഴും നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. കോവിഡ് വെല്ലുവിളികളെ അതിജീവിച്ച യു.എ.ഇ വാണിജ്യ വ്യവസായ മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുകയാണ്. നൂറു ശതമാനം ഉടമസ്ഥാവകാശം നല്കുന്ന നിയമം, ചെക്ക് ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീര്‍ഘകാല വിസ തുടങ്ങിയവ മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് ഗുണകരമായിട്ടുള്ളത്. ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം യു.എ.ഇ രണ്ടാം വീടാണ്. മലയാളികള്‍ക്ക് പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ കേരളത്തോട് അനുഭാവ പൂര്‍വമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്റെ രാജ്യാധ്യക്ഷ പദവി ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.