അൽഐൻ: വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസിന്റെ കേരളപ്പിറവി ദിനാഘോഷം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. മറുനാട്ടിലെ ഓരോ ആഘോഷങ്ങളിലും പ്രവാസികളുടെ പിറന്ന നാടിനോടുള്ള സ്നേഹവും അവരുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളും നിറഞ്ഞുനിൽക്കുന്നതാണെന്നും ഈ ഓർമകളാണ് പ്രവാസികളെ സ്വന്തം നാടിനെ നെഞ്ചോടു ചേർത്തവെച്ച് നാടിന്റെ യശസ്സുയർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുവാൻ പ്രാപ്തരാക്കുന്നതെന്നും എം.പി ഓർമപ്പെടുത്തി. വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് പ്രസിഡന്റ് വർഗീസ് പനക്കൽ അധ്യക്ഷത വഹിച്ചു.
ഡോ. സുനീഷ് കൈമൾ മലയാളഭാഷ പ്രതിജ്ഞ ചൊല്ലി. വേൾഡ് മലയാളി കൗൺസിൽ ഭാഷാവേദി ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച നാടൻകലകളുടെ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അനൈന, അദ്വൈക, ആലിയ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അൽഐനിൽ നേതൃത്വം വഹിച്ച എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ താഹിറ കല്ലുമുറിക്കലിനെ ആദരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി.യു. മത്തായി, ഗ്ലോബൽ സെക്രട്ടറി ജിമ്മി, ഗ്ലോബൽ വനിത ഫോറം പ്രസിഡന്റ് ജാനറ്റ് വർഗീസ്, മിഡിലീസ്റ്റ് ട്രഷറർ രാജീവ്, അഡ്വൈസറി ചെയർമാൻ ഡോ. സുധാകരൻ, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ പ്രസിഡന്റ് മുബാറക് മുസ്തഫ, ലോക കേരളസഭാംഗം ഇ.കെ. സലാം എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. ബിജു സ്വാഗതവും വനിത ഫോറം ചെയർപേഴ്സൺ ആൻസി ജയിംസ് നന്ദിയും രേഖപ്പെടുത്തി. മിഡിലീസ്റ്റ് വനിത ഫോറം പ്രതിനിധികളായ സോണി ലാൽ, സേതുനാഥ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.