ഷാർജ: സമൂഹ മാധ്യമ ഇടപെടലിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരിക്ക് ‘കമോൺ കേരള’ വേദിയിൽ ‘കൾചറൽ ഐക്കൺ’ പുരസ്കാരം സമ്മാനിച്ചു.
സമാപന സമ്മേളന വേദിയിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസാണ് പുരസ്കാരം സമ്മാനിച്ചത്. പലതവണ കേരളം സന്ദർശിച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭക്ഷണ വൈവിധ്യങ്ങളും തൃശൂർ പൂരമടക്കമുള്ള മലയാളത്തിന്റെ ആഘോഷങ്ങളും ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. സമീപ കാലത്ത് നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവും ശ്രദ്ധേയമായിരുന്നു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ അദ്ദേഹം മാധ്യമ പ്രവർത്തകനായാണ് കരിയർ ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാലിദ് അൽ അമീരി, യു.എ.ഇയിൽ തന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തിയാണ് വ്ലോഗിങ് തുടങ്ങിയത്.
പിന്നീട് സാമൂഹികവും സാംസ്കാരികവുമായ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി വിഡിയോകളിലൂടെ പ്രശസ്തനായി. പ്രളയകാലത്ത് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വിഡിയോ ചെയ്തിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും ഖാലിദ് ചെയ്ത വിഡിയോകൾ ശ്രദ്ധനേടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.