ഖോർഫുഖാൻ: രാജ്യത്തെ സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫുജൈറ-ഖോർഫുഖാൻ ടൂറിസം മേഖല വീണ്ടും സഞ്ചാരികളാൽ നിറയുന്നു. കോവിഡ് ഭീതികാലത്ത് നിശ്ചലമായിരുന്നു യു.എ.ഇയുടെ ഇൗ കിഴക്കൻ അതിർത്തി പ്രദേശങ്ങൾ. േലാക്ഡൗൺ നീങ്ങുകയും യു.എ.ഇയിൽ സാമൂഹിക ജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്തുകയും ചെയ്തതോടെയാണ് സർക്കാറിെൻറയും ആരോഗ്യ മന്ത്രാലയത്തിെൻറയും മാർഗനിർദേശങ്ങൾ പാലിച്ച് ഇവിടം വീണ്ടും സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിരവധി പേരാണ് യു.എ.ഇയുടെ പല ഭാഗങ്ങളിൽ നിന്ന് േഖാർഫുക്കാൻ ബീച്ചിലെത്തിയത്. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രിയതരമായ ഇവിടുത്തെ ഉല്ലാസ യാത്ര ബോട്ടുകളും, വാട്ടർ സ്കൂട്ടറുകളും, പാരച്യൂട്ടുകളുമെല്ലാം സജീവമായിത്തുടങ്ങി.
ലോക് ഡൗണിന് മുൻപ് ഏതാനും മാസങ്ങൾ അറ്റകുറ്റപ്പണിക്ക് വേണ്ടി കോർണിഷ് അടച്ചിട്ടിരുന്നത് കാരണം ഇവിടങ്ങളിലേക്ക് വരുന്നവർക്ക് വേണ്ടത്ര ഭക്ഷണ ശാലകൾ ഇല്ലെന്ന പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ ടൂറിസം വകുപ്പ് നിലവാരമുള്ള ഭക്ഷണ ശാലകളും പൊതുശുചിമുറികളും ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. മുൻപത്തെ പോലെ ബാർബിക്യൂ സൗകര്യങ്ങൾക്കും പാർക്കിലും ബീച്ചിലും കൂട്ടമായിരിക്കുന്നതിനും നിയന്ത്രണമുണ്ട്. ബീച്ചിലേക്ക് വരുന്നവർ മാസ്കും മറ്റും ധരിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുന്നു. ഇടതടവില്ലാതെ അണുനശീകരണം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യാനപാലകരെയും കാണാം. അൽ റാവി ടവറും മലനിരകളിലേക്കുള്ള ട്രക്കിങ്ങും തുറന്നു കൊടുത്തിട്ടുണ്ട്. വാദി റുഫൈസ ഡാമിലേക്കും നിരവധി സ്വദേശി, വിദേശി കുടുംബങ്ങളാണ് ഒഴിവ് ദിവസങ്ങളിൽ വരുന്നത്.
ഏത് കാലാവസ്ഥയിലും തെളിനീരുറവയൊഴുകുന്ന വാദി ഷീസിൽ ഇപ്പോഴും കടുത്ത നിയന്ത്രണമുണ്ട്. സഞ്ചാരികളുടെ ബാഹുല്യം കാരണം വേണ്ടരീതിയിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതാണ് ഈ ഭാഗത്ത് നിയന്ത്രണം തുടരാൻ അധികൃതരെ നിർബന്ധിതമാക്കിയത്. ഈ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ഇവിടുത്തെ ബിസിനസ് മേഖലക്ക് ഉണർവ് പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.