ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ പുതു തരംഗമായി മാറി മസാക കിഡ്സ് ആഫ്രിക്കാന. വന്യമായ നൃത്ത ശൈലി കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി നൃത്ത ലോകത്ത് ശക്തമായ സാന്നിദ്ധ്യമായി മാറുന്ന യുഗാണ്ടൻ നൃത്ത സംഘമാണ് മസാക കിഡ്സ് ആഫ്രിക്കാന. ഈ മാസം മൂന്നു മുതൽ ആരംഭിച്ച ഷാർജ കുട്ടികളുടെ വായനോത്സവ വേദിയിലാണ് കുട്ടിക്കൂട്ടം പകർന്നാടിയത്.
12ന് അവസാനിക്കുന്ന മേളയിൽ ഞായറാഴ്ച വരെ ആഫ്രിക്കൻ കുട്ടിപ്പട്ടാളം ചുവടുവെക്കും. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾ മാത്രമാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളുമെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതേസമയം, കുട്ടി സംഘമാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദം തന്നെ സംഘത്തിനുണ്ട്. കുറഞ്ഞ കാലം കൊണ്ട് യൂട്യൂബിൽ മാത്രം 3.45 മില്യൺ വരിക്കാരേയാണ് ഇവർ സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ 7.8 മില്യണും ടിക്ടോക്കിൽ 5.5 മില്യൺ പേരും പിന്തുടരുന്ന ലോകത്തെ ഏറ്റവും വലിയ കുട്ടിനൃത്ത സംഘമാണിവർ.
ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള വെറുമൊരു നൃത്തസംഘം മാത്രമല്ല യഥാർഥത്തിൽ മസാക കിഡ്സ് ആഫ്രിക്കാന. മറിച്ച് പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റി ജീവിതത്തിൽ വൻ വിജയം നേടിയ ത്രസിപ്പിക്കുന്ന ഒരു കഥ കൂടി ഇവർക്ക് പിന്നിലുണ്ട്. മധ്യ യുഗാണ്ടയിലെ മസാകയെന്ന കുഗ്രാമത്തിൽ നിന്നാണ് അക്കഥ ആരംഭിക്കുന്നത്.
മസാക, ആഫ്രിക്കയിലെ ഹൃദയതാളം
ആഭ്യന്തര യുദ്ധവും രോഗങ്ങളും പട്ടിണിയും അനാഥത്വത്തിന്‍റെ നീറുന്ന നോവുകളും ജീവിതത്തെ ദുരിതപൂർണമാക്കിയപ്പോൾ അൽപം ആശ്വാസമെന്ന നിലയിലാണ് മസാകയിലെ കുഗ്രാമവസികളായ കുട്ടികൾ ആഫ്രിക്കൻ താളത്തിൽ ചുവടുകൾ വെച്ച് തുടങ്ങിയത്. അലങ്കൃതമായി വേദിയോ വർണ ചമയങ്ങളുടെ അകമ്പടിയോ ഇല്ലാതെ നഗ്നപാദങ്ങളുമായി ഹൃദയതാളത്തിൽ എല്ലാം മറന്നുകൊണ്ട് ഇവർ ആടിത്തിമിർക്കുകയായിരുന്നു. മസാകയിലെ സന്നദ്ധ പ്രവർത്തകനും പ്രാദേശിക അധ്യാപകനുമായ കാവുമ ദൗദയാണ് മുഷിഞ്ഞ വസ്ത്രങ്ങളും ഒട്ടിയ വയറുമായി ആഫ്രിക്കയുടെ ഏതോ തുരുത്തിൽ ആരുമറിയാത്ത ജീവിതതാളമായി ഒതുങ്ങുമായിരുന്ന ഈ സംഘത്തെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചത്.
2014-ൽ മസാകയിലെ ഗ്രാമത്തിൽ സന്ദർശനത്തിനിടെയാണ് കുട്ടികളുടെ നൃത്തം ദൗദയുടെ ശ്രദ്ധയിൽപ്പെടുന്നത്. സമൂഹ മാധ്യമങ്ങൾ കടന്നു ചെല്ലാത്ത കുഗ്രാമത്തിൽ നിന്ന് ഇദ്ദേഹം മൊബൈലിൽ പകർത്തിയ വീഡിയോ ഈ കുരുന്നുകളുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ലാഭേച്ഛയില്ലാതെ ഇവരുടെ നൃത്തവും പാട്ടും സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹം പങ്കുവെച്ചതോടെ അവ അതിവേഗം വൈറലായി. അതിലൂടെ പരസ്പരം ലോകവുമായും സ്വന്തം കഴിവുകൾ കാണാനും പ്രത്യാശ പുലർത്താനും അവരെ പ്രാപ്തരാക്കുകയും ചെയ്തു. ചിതറിക്കിടന്ന കുട്ടിക്കൂട്ടത്തിന് സംഘരൂപം നൽകിയതും ദൗദയാണ്. ഇപ്പോൾ 30 അംഗങ്ങളുള്ള ഒരു നൃത്ത സംഘമാണിത്. പ്രഫഷണലായി നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും ഇവരുടെ വന്യമായ ശൈലി ലോകം അതിവേഗം ഏറ്റെടുത്തുകഴിഞ്ഞു. ഐക്യ രാഷ്ട്ര സഭ ആസ്ഥാനമായ ന്യൂയോർക്ക്, വാഷിങ്ടൺ ഡി.സിയിലെ ലോക ബാങ്ക്, ഇത്യോപ്യയിലെ ആഫ്രിക്കൻ യൂനിയൻ ആസ്ഥാനം എന്നിവ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ മസാക കിഡ്സ് പകർന്നാടിയിട്ടുണ്ട്. 2021ൽ നിക്കളോഡിയൻ കിഡ്സ് ചോയിസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.