ഷാർജ വീണ്ടുമൊരു പുസ്തകോൽസവത്തിന് സാക്ഷിയാവുകയാണ്. മനുഷ്യർ മാത്രമല്ല, അക്ഷരങ്ങളും വാക്കുകളും പരസ്പരം കണ്ടുമുട്ടാനായി കാത്തിരിക്കുന്ന ദിനങ്ങളാണിത്. നാലു പതിറ്റാണ്ടിലേറെയായി ലോകത്തിന്‍റെ ശ്രദ്ധ ഈ നഗരത്തിലേക്ക് തിരിയുന്ന സന്ദർഭം. എത്രയെത്ര പുസ്കങ്ങളാണിവിടെ വന്നുചേരുന്നത്. ഇത്തവണ 15ലക്ഷമെന്നാണ് കണക്ക്. പതിറ്റാണ്ടുകളുടെ ഗവേഷണത്തിലൂടെ എഴുതിയവ അക്കൂട്ടത്തിലുണ്ട്.
വലിയ തടിച്ച ഗ്രന്ഥങ്ങൾ. കുട്ടികൾക്ക് വേണ്ടിയെഴുതിയ ചെറിയ പുസ്തകങ്ങളുമുണ്ട്. വാക്കുകളേക്കാൾ വരകൾ നിറഞ്ഞവയാണവ. കഥയും കവിതയും നിറഞ്ഞവയുണ്ട്. അവയിൽ ചിലതിൽ പ്രണയമാണ്, മറ്റു ചിലതിൽ വിരഹമാണ്. ഇതൊന്നുമല്ലാത്ത വികാരങ്ങൾ നിറഞ്ഞ വരികളാൽ സമ്പന്നമായവയും ഏറെയുണ്ട്. ചില വാക്കുകൾ മുളപൊട്ടിയത് ലോകം ആദരിച്ച മഹാ എഴുത്തുകാരുടെ ഭാവനയിലാണ്. മറ്റുചിലത് സാധാരണക്കാരുടെ ചിന്തകളിൽ. എല്ലാത്തിനും പറയാനുള്ളത് കിസ്സകളാണ്. ആത്മപ്രകാശനത്തിന്‍റെ ആയിരം അടരുകളുള്ള കിസ്സകൾ.
ഇത്തവണ അന്താരാഷ്ട്ര പുസ്തകോത്സവം നാല് ദിനം പിന്നിട്ടപ്പോൾ ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്കാണ്. ആദ്യ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്. പ്രമുഖർ എത്തുന്ന വരും ദിനങ്ങളിൽ കൂടുതൽ സന്ദർശകർ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയാളി എഴുത്തുകാരുടെയും പുസ്തകപ്രേമികളുടെയും കൂടാരമായ റൈറ്റേഴ്സ് ഫോറത്തിൽ ഇത്തവണയും വലിയ തിരക്കാണ്.
പുതിയ കിസ്സകളുമായി നിരവധി പുസ്തകങ്ങൾ വന്നെത്തിയിട്ടുണ്ട്. എഴുത്തുകാരുടെ സൗഹൃദം പുതുക്കുന്ന വേദികൂടിയാണ് ഷാർജ പുസ്തകോത്സവം. കൊറിയയാണ് അതിഥി രാജ്യമെങ്കിലും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവമായിട്ടുള്ളത്.
പുസ്തമേളയിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും വലിയ സൗന്ദര്യമാണുള്ളത്. പൊള്ള് പറയലോ ആക്രോശങ്ങളോ അവിടെയില്ല. അറിയാനും അറിയിക്കാനും വേണ്ടിയുള്ള ശബ്ദങ്ങൾ മാത്രം. കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക മേഖലയിൽ കളികളും ചിരികളുമായാണ് അറിവിന്‍റെ കൈമാറ്റം. അവിടെ വൈബ് വേറൊന്ന് തന്നെ. അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ ദിവസം നിരവധി കുട്ടികളാണ് ഇവിടേക്ക് എത്തിയത്. ഞായറാഴ്ചയാണ് കൂടുതൽ വിദ്യാർഥികൾ കുടുംബ സമേതം എത്തുക. പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽ നിന്ന് നേരിട്ട് കുട്ടികളെ എത്തിക്കുന്നുണ്ട്. കിസ്സകൾ കേട്ടും കണ്ടും വായിച്ചും കുട്ടികൾ നല്ല നാളേക്ക് വേണ്ടി ഒരുങ്ങുന്നതിനേക്കാൾ മനോഹ കാഴ്ചയുണ്ടോ?.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.