ദുബൈ: സംസ്ഥാന സർക്കാർ മുന്നിൽ നിൽക്കാൻ തയ്യാറുണ്ടെങ്കിൽ മുഖ്യമന്ത്രി നിർദേശിച്ച നിരക്ക് മാത്രം വാങ്ങി ദുരിതപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ സന്നദ്ധമാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ.പുത്തൂർ റഹ്മാൻ. പ്രവാസികളെ നാട്ടിലെത്തിച്ചതിെൻറ ക്രെഡിറ്റ് കെ.എം.സി.സിക്കു വേണ്ടെന്നും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെ പ്രാർഥന സംഘടനക്ക് ലഭിക്കുമെന്നുറപ്പുണ്ടെന്നും ഡോ.പുത്തൂർ ഗൾഫ് മാധ്യമത്തോട് പ്രതികരിച്ചു.
സംഘടനാ ഭിന്നതകൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. ഒറ്റക്കെട്ടായി മറികടക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്. വന്ദേഭാരത് മിഷനിൽ ഇൗടാക്കുന്ന തുകയിൽ കൂടുതൽ വാങ്ങി ചാർട്ടഡ് വിമാനം അനുവദിക്കില്ല എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. യു.എ.ഇയിൽ നിന്ന് 750 മുതൽ 780 ദിർഹം വരെയാണ് വന്ദേഭാരത് ടിക്കറ്റ് നിരക്ക്.
ആ തുകക്ക് ചാർട്ടർ ചെയ്യാൻ വിമാന കമ്പനികൾ തയ്യാറല്ല. കോവിഡ് പ്രതിസന്ധിയും യാത്രാമുടക്കവും വന്ന ആദ്യഘട്ടം മുതൽ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ഉചിതമായ വഴികൾ അന്വേഷിക്കുകയായിരുന്നു കെ.എം.സി.സി. നിരവധി വിമാനകമ്പനികളുമായി ഇൗ വിഷയത്തിൽ ചർച്ച നടത്തിയതാണ്. 900 ദിർഹമിന് സർവീസ് നടത്താം എന്നറിയിച്ച കമ്പനിക്ക് കേന്ദ്രസർക്കാറിെൻറ അനുമതി ലഭിച്ചതുമില്ല.
എന്നാൽ അടിയന്തിരമായി നാട്ടിലെത്തുകയും ചികിത്സക്ക് വിധേയരാവുകയും ചെയ്യേണ്ട പ്രവാസികളിൽ നിന്ന് വന്ദേഭാരത് നിരക്ക് മാത്രം വാങ്ങി ബാക്കി പണം കെ.എം.സി.സി വഹിച്ച് സർവീസ് നടത്തുവാൻ തങ്ങൾ ഒരുക്കമാണ്. കഷ്ടത അനുഭവിക്കുന്നവർ ഏറ്റവും പെെട്ടന്ന് നാട്ടിലെത്തണം എന്ന വാശിയും ആഗ്രഹവും മാത്രമേ തങ്ങൾക്കുള്ളൂ. ഇക്കാര്യം സംസ്ഥാന പ്രവാസികാര്യ മന്ത്രി ഡോ. കെ.ടി.ജലീലിനെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് സമ്മതമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുവാനും കൂടുതൽ മനുഷ്യരെ നാട്ടിലെത്തിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.