ദുബൈ: രാജ്യത്ത് ലഭ്യമായ മരുന്നുകളുടെ വിവരങ്ങൾ വാട്സ്ആപ് വഴി അറിയാനുള്ള സംവിധാനവുമായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. 24 മണിക്കൂറും ലഭ്യമാകുന്ന സംവിധാനം ദുബൈ വേൾഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് അധികൃതർ പരിചയപ്പെടുത്തിയത്.
ഉപയോക്താക്കൾക്ക് രാജ്യത്ത് രജിസ്റ്റർ ചെയ്ത് ഏത് മരുന്നിനെ കുറിച്ചുമുള്ള വിവരങ്ങൾ വാട്സ്ആപ് വഴി അന്വേഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. മരുന്നിന്റെ പേര്, അടങ്ങിയ വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ഫോം, രാജ്യത്ത് ലഭ്യമായ പാക്കേജ് സൈസ്, വില തുടങ്ങിയ വിവരങ്ങളെല്ലാം ഇതുവഴി ലഭിക്കും.
പൊതുജനാരോഗ്യ അവബോധം വർധിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സംവിധാനം അധികൃതർ ഒരുക്കിയത്. തങ്ങൾക്ക് യോജിച്ച മരുന്നുകൾ ലഭ്യമാണോ എന്ന് ഉറപ്പുവരുത്താനും മരുന്നുകൾ കഴിക്കുന്നത് തെറ്റുന്നത് ഒഴിവാക്കാനും പദ്ധതി ഉപകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രോഗികൾക്ക് തങ്ങൾ കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ പൂർണമായി മനസ്സിലാക്കാനും ഇതുപകരിക്കും. അതോടൊപ്പം വിപണിയിൽ അംഗീകാരമുള്ള മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും ഏതാണെന്നും തിരിച്ചറിയാനാകും. 0097142301221 എന്ന നമ്പർ കോണ്ടാക്ട് ലിസ്റ്റിൽ ചേർത്താൽ സേവനം യു.എ.ഇയിലെ എല്ലാ താമസക്കാർക്കും ലഭിക്കും. ‘ഹൈ’ എന്ന് ഇംഗ്ലീഷ് ടൈപ് ചെയ്ത് മെസേജ് അയച്ചാൽ സർവിസ് ലഭ്യമായിത്തുടങ്ങും. എന്തെല്ലാം വിവരങ്ങൾ ലഭ്യമാണെന്ന് ഇതിൽ കാണിക്കും.
രാജ്യത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളും മന്ത്രാലയവും സഹകരിച്ചാണ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചത്. നിലവിൽ ഇംഗ്ലീഷിലാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്. വിവരങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്ന സംവിധാനം എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ കുറിക്കുന്നതാണെന്ന് അസി. അണ്ടർ സെക്രട്ടറി അഹ്മദ് അലി അൽ ദസ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.