ദുബൈ: കേരള ജനതയുടെ വളർച്ചക്ക് വിജ്ഞാന മൂലധന സമ്പദ്ഘടന ശക്തമാക്കണമെന്നും ഇതിനായി സർക്കാറിനൊപ്പം ലോക മലയാളി സമൂഹവും ഒരുമിച്ചു പ്രവർത്തിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ കോൺഫറൻസ് ദുബൈ ലാവൻഡർ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ്ഘടനയിൽ കേരളം ഉയരാൻ വ്യവസായങ്ങൾ വളരണം. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആളോഹരി വരുമാന നിലവാരത്തിലേക്ക് കേരളം വളരാൻ പൊതുമേഖല സ്ഥാപനങ്ങൾ ശക്തമാക്കുകയും വിജ്ഞാന മൂലധനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സർക്കാർ സംരംഭമായ കേരള നോളജ് ഇക്കണോമി മിഷനും (കെ.കെ.ഇ.എം) കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) സഹകരിച്ച് വേൾഡ് മലയാളി കൗൺസിൽ ഒപ്പുവെച്ച ധാരണപത്രത്തിന്റെ ഭാഗമായി നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ കെ-ഡിസ്ക് സി.ഇ.ഒ ഡോ. പി.വി. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.
ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗുഡ്വിൽ അംബാസഡർ എൻ.എം പണിക്കർ, ഡോ. ജെറോ വർഗീസ്, ബിജു സോമൻ, മനോജ് മാത്യു, രാജേഷ് പിള്ള, സിന്ധു ഹരികൃഷ്ണൻ, ഷാജി ഡി.ആർ, ഡയസ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.