ഷാർജ: 54 വർഷത്തെ പ്രവാസജീവിതം ഇറക്കിവെക്കുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കുഞ്ഞബ്ദുല്ല ഹാജി. ഇന്നുകാണുന്ന യു.എ.ഇ ഉണ്ടാകുന്നതിനുമുമ്പ് 1966ൽ ഖോർഫക്കാൻ തീരത്തെത്തിയതാണ് ഈ 74 കാരൻ. അരനൂറ്റാണ്ട് പിന്നിടുമ്പോൾ യു.എ.ഇയുടെ എല്ലാ ഉയർച്ചകളും നേരിൽ കണ്ട് ഇനി വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്.
യുവത്വത്തിന്റെ പ്രസരിപ്പിൽ ഓടിനടന്ന കാലം മുതൽ മനസ്സിൽ ഗൾഫ് എന്ന സ്വപ്നവും കയറിപ്പറ്റിയിരുന്നു. ഗൾഫിലെത്താൻ 1965ൽ ബോംബെയിലേക്ക് വണ്ടികയറി. ചെയ്യാവുന്ന ജോലികളെല്ലാം ചെയ്തു. പാസ്പോർട്ട് കിട്ടാത്തതിനാൽ പാകിസ്താനിലേക്കും അവിടെ നിന്ന് ഖോർഫക്കാനിലേക്കും കപ്പൽ കയറി. ഈ യാത്രക്കിടയിലാണ് ഇന്ത്യ-പാക്ക് യുദ്ധം നടന്നത്. ഖോർഫക്കാനിൽ എത്തിയശേഷം ഷാർജയിലെ ഗ്രോസറിയിൽ കുറച്ചുകാലം ജോലിയെടുത്തു. ഇതിനിടയിൽ മസ്കത്ത് ഇന്ത്യൻ എംബസിയിൽ അപേക്ഷനൽകി പാസ്പോർട്ട് കരസ്ഥമാക്കി. ശേഷം റോളയിൽ സ്വന്തമായി ടെക്സ്റ്റൈൽസ് തുടങ്ങി. അന്ന് മലയാളികൾക്ക് ഒത്തുകൂടാനുള്ള കേന്ദ്രം കൂടിയായിരുന്നു ഹാജിയുടെ ടെക്സ്റ്റൈൽസ്. സംരംഭം തുടങ്ങാൻ സ്വന്തമായ ലൈസൻസ് മതിയായിരുന്നു. ടെക്സ്റ്റൈൽസിൽ വിജയം കണ്ടപ്പോൾ ഇലക്ട്രോണിക്സ് കടയും സ്റ്റേഷനറിയും ആരംഭിച്ചു. കേരളീയരുടെ കടകൾ കുറവായിരുന്ന അക്കാലത്ത് ഇന്ത്യൻ കറൻസികളാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. റോളയിലെ തുറസ്സായ കോമ്പൗണ്ടിലാണ് താമസം.
രാത്രികാലങ്ങളിൽ മലയാളികളുടെ ആരവങ്ങളും ആഘോഷങ്ങളുമായിരുന്നു. ആർക്കെങ്കിലും പണത്തിനോ മറ്റോ സഹായം വേണ്ടിവന്നാൽ എല്ലാവരും ഒറ്റക്കെട്ടായി സഹായിച്ചിരുന്നു. സാമ്പത്തികമായി ഒരു പ്രവാസിയും പ്രയാസപ്പെട്ടിരുന്നില്ലെന്നും ഓർക്കുന്നു. വൈദ്യുതി ചിലപ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ എ.സിയും ഇല്ലായിരുന്നു. കഠിനമായ ചൂടിൽ കിടക്കാൻ പ്രയാസപ്പെട്ടു. എങ്കിലും, പകൽജോലിയുടെ കാഠിന്യംമൂലം കണ്ണടയുന്നതുപോലും അറിയില്ല. വെള്ളത്തിനും നല്ല ബുദ്ധിമുട്ടായിരുന്നു. കഴുതപ്പുറത്താണ് അവശ്യക്കാർക്ക് വെള്ളം എത്തിച്ചിരുന്നത്. ടാറിട്ട റോഡുകൾ വളരെ വിരളമായിരുന്നു. പലയിടത്തും മണൽ പാതകൾ നിറഞ്ഞു. ഓരോ എമിറേറ്റിലെ അതിർത്തികളിലും യാത്രക്കാർക്ക് പരിശോധനയും ഉണ്ടായിരുന്നു.
അങ്ങനെ ഹാജിയുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. 1985ൽ സുഹൃത്തുക്കളുമായി അബൂദബിയിലേക്ക് പോകുമ്പോൾ വാഹനാപകടത്തിൽ ഉറ്റസുഹൃത്ത് ബേക്കൽ കോട്ടക്കുന്ന് സ്വദേശി അബ്ദുറഹ്മാൻ മരിച്ചത് ഇന്നും ദുഃഖമായി മനസ്സിൽ തളംകെട്ടി നിൽക്കുന്നു. പരിക്കേറ്റ ഹാജി 28 ദിവസം ആശുപത്രിയിലുമായി. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ മാനസികമായി കഴിഞ്ഞില്ല. എല്ലാം കൈയിൽനിന്നും പോയിത്തുടങ്ങി. ദൈവത്തിലുള്ള പൂർണവിശ്വാസം കൊണ്ട് നഷ്ടപ്പെട്ടതെല്ലാം ഹാജി തിരിച്ചുപിടിച്ചു. ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയി.
2004ൽ നഹ്ദയിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. തന്റെ വിജയത്തിന്റെ കാരണം കൂടെ പ്രവർത്തിക്കുന്നവരാണെന്ന് ഹാജി ഇന്നും ഉറച്ചുവിശ്വസിക്കുന്നു. ഭാര്യ ബീപാത്തുമ്മക്കും നാലു മക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോഴും പൊതുപ്രവർത്തനവും ചാരിറ്റി പ്രവർത്തനങ്ങളും ഇന്നും കൈവിട്ടിട്ടില്ല. ചന്ദ്രിക ദിനപത്രം യു.എ.ഇയിൽ പ്രവർത്തനമാരംഭിക്കാൻ വഴിയൊരുക്കിയവരിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് കുഞ്ഞബ്ദുല്ല ഹാജി. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.
ബിസിനസുകളെല്ലാം ഇറക്കിവെച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോഴും പൊതുപ്രവർത്തനങ്ങളിൽ സജീവമാകാനാണ് തീരുമാനം. ജീവിതം കെട്ടിപ്പെടുക്കാൻ എല്ലാം ഉപേക്ഷിച്ച് യു.എ.ഇയിൽ എത്തുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഈ രാജ്യത്തെ ഭരണാധികാരികൾക്ക് അന്നും ഇന്നും സാധിച്ചിട്ടുണ്ടെന്നും ഹാജി പറയുന്നു. ജീവിതത്തിലെ എല്ലാ ഉയർച്ചതാഴ്ചകൾക്കും ദൈവത്തോടും ഈ രാജ്യത്തോടും ഏറെ കടപ്പെട്ടിരിക്കുന്നു.
വിശ്രമജീവിതത്തിലേക്ക് കടക്കുകയാണെങ്കിലും പൂർണമായും യു.എ.ഇയെ വിട്ടൊഴിയാൻ കഴിയില്ല. അതിനാൽ തന്നെ, ഇടക്കിടെ യു.എ.ഇയിൽ താനുണ്ടാവുമെന്ന് ഹാജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.