അബൂദബി: 2022ല്‍ 14,777 തൊഴിലാളികളുടെ 31.7 കോടി ദിര്‍ഹമിന്റെ തൊഴില്കേസ് അബൂദബി തൊഴില്‍ കോടതി തീര്‍പ്പാക്കി. 8560 തൊഴിലാളികള്‍ കൂട്ടമായും 6217 തൊഴിലാളികള്‍ വ്യക്തിപരമായും നല്കിയ കേസുകളാണ് തീര്‍പ്പാക്കിയത്. ഉപപ്രധാനമന്ത്രിയും അബൂദബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് കേസുകള്‍ ദ്രുതഗതിയില്‍ തീര്‍പ്പാക്കി തൊഴിലാളികള്‍ക്ക് നല്‍കേണ്ട പണം തൊഴിലുടമകളെ കൊണ്ട് അതിവേഗം കൈമാറുന്നതിന് നടപടി സ്വീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് കോടതി വ്യക്തമാക്കി.
തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ഇരുകൂട്ടര്‍ക്കും നീതി ഉറപ്പുവരുത്തിയാണ് റെക്കോഡ് വേഗത്തില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതെന്നും തൊഴില്‍ കോടതി പറഞ്ഞു. 5832 തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്ന 42.8 ദശലക്ഷം ദിര്‍ഹം വേതനകുടിശ്ശിക നേരത്തെ അബൂദബി തൊഴില്കോടതി ഇടപെട്ട് കൈമാറിയിരുന്നു. ശമ്പളകുടിശ്ശിക ലഭിക്കാതെ വന്നതോടെ കോടതിയെ സമീപിച്ച തൊഴിലാളികള്‍ക്കാണ് കോടതിയുടെ ഇടപെടല്‍ സഹായകമായത്.
ഇരുഭാഗത്തിന്റെയും വിശദീകരണം കേട്ടശേഷം കോടതി തൊഴിലാളികളുടെ ശമ്പളം കൈമാറാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നിശ്ചിത തീയതി കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ അത് കുടിശ്ശികയായാണ് കണക്കാക്കുകയെന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ വിശദീകരണം. തൊഴില്‍ കരാര്‍പ്രകാരമുള്ള ശമ്പളം നിശ്ചിത സമയത്തുതന്നെ നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിലൂടെ തൊഴിലാളികളുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിരത ഉറപ്പാക്കാനും കഴിയും.
സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും നിയമലംഘനം നടത്തുന്നതിനുള്ള ശിക്ഷ കണക്കാക്കുക. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന യു.എ.ഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നിയമവകുപ്പ് നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തത്. തൊഴില്‍സ്ഥാപനം മാറാന്‍ ആഗ്രഹമുള്ള തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി മാനുഷിക വിഭവമന്ത്രാലയം അടക്കമുള്ള അധികൃതര്‍ സ്വീകരിച്ച നടപടികളെ നിയമവകുപ്പ് അഭിനന്ദിക്കുകയും ചെയ്തു.
2022 ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവിമാര്‍ക്ക് അബൂദബി തൊഴില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തൊഴിലാളികളുടെ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, അനിശ്ചിതകാല കരാറുകള്‍ നിശ്ചിതവര്ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണം, പ്രബേഷന്‍ പീരിയഡില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്പ് വിവരം ഉടമയെ നോട്ടീസ് നല്കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.