അബൂദബി: തൊഴിലിടങ്ങളില്‍ അര്‍ഹമായ പരിഗണനയും അവകാശങ്ങളും സാധ്യമാക്കുന്ന രീതിയില്‍ യു.എ.ഇ നടപ്പാക്കുന്ന തൊഴില്‍ നിയമങ്ങള്‍ ഗുണകരമാവുന്നു. തൊഴിലിടങ്ങളുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ 40,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് കമ്പനികള്‍ക്ക് താക്കീത് നല്കിയ അധികൃതര്‍, തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കി ഒരുവര്‍ഷം തികയുമ്പോള്‍, തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പുവരുത്തുന്നതിനായി 30 മാസത്തേക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയോ അല്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍ 3000 ദിര്‍ഹം ബാങ്ക് ഗാരന്റി കെട്ടിവെക്കുകയോ വേണമെന്ന് തൊഴില്‍ കോടതി ഉത്തരവിട്ടത് കഴിഞ്ഞദിവസമാണ്. ഏതെങ്കിലും കാരണത്താല്‍ ശമ്പളം കുടിശ്ശികയായാല്‍ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നല്‍കുകയാണ് ലക്ഷ്യം. ശമ്പള കുടിശ്ശിക സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കുന്നത്. കെട്ടിവെക്കുന്ന തുകയുടെ കാലയളവ് ഒരുവര്‍ഷമാണ്. ഈ തുക പിന്നീട് സ്വമേധയ പുതുക്കും.
തൊഴിലാളിയുടെ അവസാനത്തെ 120 പ്രവൃത്തിദിനങ്ങളിലെ വേതനവും നാട്ടിലേക്കുള്ള യാത്രാചെലവ്, സേവനാനന്തര ഗ്രാറ്റുവിറ്റി, തൊഴിലുടമ നടപ്പാക്കുന്നതില്‍ വീഴ്ചവരുന്ന തൊഴിലവകാശങ്ങള്‍ മുതലായവയും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നതും രാജ്യത്തെ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസവും ധൈര്യവും നല്കുന്ന ഘടകങ്ങളാണ്.
2022 ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ നിക്ഷേപകര്‍ക്കും നിപുണരായ തൊഴിലാളികള്‍ക്കും ആകര്‍ഷകമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ഉപയുക്തമായതാണ്. തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്ക്കാലികമായ ജോലിയോ ഫ്രീലാന്‍സ് ജോലിയോ തൊഴില്‍ സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്.
വംശത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും രാജ്യത്തിന്റെയും വൈകല്യത്തിന്റെയും പേരിലുള്ള വിവേചനങ്ങളെയും നിയമം നിരോധിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെയേ തൊഴില്‍ കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിത വര്‍ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് തൊഴിലാളിക്ക് നോട്ടീസ് നല്‍കണം, പ്രബേഷന്‍ പീരിയഡില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്പ് വിവരം ഉടമയെ നോട്ടീസ് നല്കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം, ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല, അനിവാര്യമാണെങ്കില്‍ മണിക്കൂറിന് സാധാരണ നല്‍കുന്നതിന്റെ 25 ശതമാനം കൂടുതല്‍ വേതനം നല്‍കണം, ശമ്പളത്തോടുകൂടിയ ഒരു അവധി ദിവസം നല്‍കണം തുടങ്ങിയ തൊഴിലാളി സൗഹൃദ നിയമങ്ങളാണ് ഗുണകരമാവുന്നത്.
നിശ്ചിത തീയതി കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ അത് കുടിശ്ശികയായാണ് കണക്കാക്കുകയെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം. തൊഴില്‍ കരാര്‍ പ്രകാരമുള്ള ശമ്പളം നിശ്ചിത സമയത്തുതന്നെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.
14,777 തൊഴിലാളികളുടെ 31.7 കോടി ദിര്‍ഹമിന്റെ തൊഴില്കേസാണ് കഴിഞ്ഞവര്‍ഷം അബൂദബി തൊഴില്‍ കോടതി തീര്‍പ്പാക്കിയത്. 8560 തൊഴിലാളികള്‍ കൂട്ടമായും 6217 തൊഴിലാളികള്‍ വ്യക്തിപരമായും നല്കിയ കേസുകളാണ് കോടതി തീര്‍പ്പാക്കിയത്. 5832 തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്ന 42.8 ദശലക്ഷം ദിര്‍ഹം വേതന കുടിശ്ശിക നേരത്തെ അബൂദബി തൊഴില്‍ കോടതി ഇടപെട്ട് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.