ദുബൈ: റോഡിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട ലെയിൻ നിയമങ്ങൾ തെറ്റിച്ചത് കാരണമായി എമിറേറ്റിൽ എട്ടു മാസത്തിനിടെ 107 അപകടങ്ങളുണ്ടായെന്ന് അധികൃതർ. വിവിധ സംഭവങ്ങളിലായി നിയമലംഘനം മൂലമുണ്ടായ അപകടങ്ങളിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാവുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അല മസ്റൂയി പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. 44 പേർക്ക് ഇടത്തരം പരിക്കും 29 പേർക്ക് ചെറിയ പരിക്കുമാണുള്ളത്.
ഈ കാലയളവിനിടയിൽ ലെയിൻ നിയമങ്ങൾ പാലിക്കാത്തതിന് 5,29,735 നിയമലംഘനങ്ങളാണ് പൊലീസിന്റെ സ്മാർട് ട്രാഫിക് മോണിറ്ററിങ് സംവിധാനം വഴിയും റഡാറുകളും രേഖപ്പെടുത്തിയത്. പലപ്പോഴും ഹൈവേകളിലും മറ്റും ഡ്രൈവർമാർ പെട്ടെന്ന് ലെയിൻ മാറുന്നതാണ് കൂടുതലായി കാണുന്നത്. ഇന്റർസെക്ഷനുകളിലും എക്സിറ്റുകളിലുമാണ് പ്രധാനമായും അപകടങ്ങൾ കണ്ടുവരുന്നത്. ഇത്തരം പ്രവൃത്തികളാണ് വലിയ അപകടങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നതെന്നും അധികൃതർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പരിഷ്കരിച്ച റോഡ്, ട്രാഫിക് നിയമമനുസരിച്ച് ലെയിൻ മറികടന്നുപോകുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മേജർ ജന. അൽ മസ്റൂയി പറഞ്ഞു. ദൃശ്യത കുറഞ്ഞ സമയങ്ങളിലും ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടാവുമ്പോഴും ജങ്ഷനുകളിൽ സിഗ്നൽ കാത്തിരിപ്പ് സമയങ്ങളിലും ലെയിൻ നിയമം പാലിക്കേണ്ടത് വളരെ അനിവാര്യമാണ്.
പ്രത്യേക വാഹനങ്ങൾക്ക് വേണ്ടി നിശ്ചയിച്ച ലെയിനുകളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. അപകടങ്ങൾ ഒഴിവാക്കുന്നതിന് ലെയിൻ നിയമങ്ങൾ പാലിക്കാൻ െഡ്രെവർമാർ ജാഗ്രത പുലർത്തണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.