അബൂദബിയിൽ വൻ എണ്ണശേഖരം കണ്ടെത്തി

അബൂദബി: അബൂദബിയിൽ വൻ എണ്ണശേഖരം കണ്ടെത്തിയതായി പെട്രോളിയം സുപ്രീം കൗൺസിൽ വ്യക്തമാക്കി. രണ്ട് ശതകോടി ബാരൽ പരമ്പരാഗത എണ്ണശേഖരവും 22 ശതകോടിയുടെ പാരമ്പര്യേതര എണ്ണ ശേഖരവുമാണ് കണ്ടെത്തിയത്.അബൂദബി സുപ്രീം പെട്രോളിയം കൗൺസിലിനെ ഉദ്ധരിച്ച് യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസിയാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന വാർത്ത പുറത്തുവിട്ടത്. രണ്ട് ബില്യൻ ബാരൽ ശേഷിയുള്ള പരമ്പരാഗത എണ്ണശേഖരം അഥവാ ക്രൂഡ് ഓയിൽ ശേഖരവും 22 ബില്യൻ ബാരൽ ശേഷിയുള്ള പാരമ്പര്യേതര എണ്ണശേഖരവുമാണ് കണ്ടെത്തിയത്.

എണ്ണ വേർതിരിക്കാൻ കഴിയുന്ന പാറകളിലെ ഹെവിക്രൂഡ് ഓയിൽ, ക്രൂഡ് ബിറ്റുമിൻ എന്നിവയെയാണ് പാരമ്പര്യേതര എണ്ണ ശേഖരമായി കണക്കാക്കുന്നത്. ഇവയിൽ ഖനനം ആരംഭിക്കാൻ അനുമതി നൽകിയതായി സുപ്രീം പെട്രോളിയം കൗൺസിൽ അറിയിച്ചു.2021 മുതൽ 2025 വരെ വർഷങ്ങളിൽ എണ്ണയുൽപാദന മേഖലയിൽ 448 ബില്യൻ ദിർഹം ചെലവിടാൻ കൗൺസിൽ അഡ്നോക്കിന് അനുമതി നൽകി. ഇന്ധനമേഖലയിൽ ഹൈഡ്രജ​െൻറ സാധ്യത കൂടുതൽ പഠനവിധേയമാക്കണമെന്ന് അബൂദബി കിരീടാവാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും അഡ്നോക്കിന് നിർദേശം നൽകിയിട്ടുണ്ട്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബൂദബി സുപ്രീം പെട്രോളിയം കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാ െൻറ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ സുപ്രീം പെട്രോളിയം കൗൺസിൽ യോഗം പുതിയ ശേഖരം കണ്ടെത്തിയ കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തി. അബൂദബിയുടെ പരമ്പരാഗത എണ്ണ പര്യവേക്ഷണ വികസനങ്ങൾക്കൊപ്പം വീണ്ടെടുക്കാനാവാത്ത പാരമ്പര്യേതര വിഭവ ശേഖരങ്ങളിൽനിന്നുള്ള എണ്ണ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവുമെന്ന പദ്ധതികളും പുതിയ ഗവേഷണ വികസനവും അഡ്നോക്ക് പ്രധാനമായും ആസൂത്രണം ചെയ്യുന്നതായി അഡ്നോക് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവും യു.എ.ഇ വ്യവസായ നൂതന സാങ്കേതിക മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബർ ചൂണ്ടിക്കാട്ടി.

അബൂദബിയുടെ കടൽത്തീരത്ത് 25,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപകമായ പാരമ്പര്യേതര എണ്ണശേഖര കിണറുകളുടെ വിവരങ്ങൾ സംബന്ധിച്ച് അഡ്നോക് സമർപ്പിച്ച വിലയിരുത്തൽ പദ്ധതിയും സുപ്രീം പെട്രോളിയം കൗൺസിൽ വിശകലനം ചെയ്തു. പരമ്പരാഗത എണ്ണയുടെ കരുതൽ ശേഖരത്തിലുണ്ടായ രണ്ടു ബില്യൻ ബാരൽ വർധന ലോകത്തിലെ ആറാമത്തെ വലിയ എണ്ണശേഖരം കൈവശമുള്ള രാജ്യം എന്ന നിലയിലേക്ക് യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തി. 2030ഓടെ അഡ്നോക് പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഉൽപാദന ശേഷിയാണ് ലക്ഷ്യമിടുന്നത്. ഇതി​െൻറ വിലയിരുത്തൽ പ്രവർത്തനങ്ങൾക്കൊപ്പം അൽ നൗഫ് മേഖലയിലെ പുരോഗതിക്കും കരുതൽ ധനം വേണ്ടിവരും. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തുള്ള അഡ്‌നോക്കി​െൻറ ശക്തമായ പ്രതികരണ പ്രവർത്തനങ്ങളെയും സുപ്രീം പെട്രോളിയം കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.