ദുബൈ: കഴിഞ്ഞവർഷം ദുബൈയിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 381പേർ. 2620 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020ൽ 256 പേർ മരിക്കുകയും 2437 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2020ൽ 2931 അപകടങ്ങളുണ്ടായപ്പോൾ കഴിഞ്ഞവർഷം ഇത് 3488 ആയി ഉയർന്നു. യു.എ.ഇ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 2020ൽ ലോക്ഡൗണായിരുന്നതിനാൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതാണ് അപകടങ്ങളുടെ എണ്ണം കുറയാൻ കാരണം. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാത്തതും പെട്ടെന്നുള്ള ലൈൻ മാറ്റവും ബ്രേക്കിടലുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി.
അതേസമയം, ഓരോ വർഷങ്ങൾ കഴിയുമ്പോഴും യു.എ.ഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്ക്. 2014ൽ 712 പേർ മരിച്ചിരുന്നു. 2015 (675), 2016 (725), 2017 (525), 2018 (469), 2019 (448) എന്നിങ്ങനെയായിരുന്നു മുൻവർഷങ്ങളിലെ മരണം.
കഴിഞ്ഞവർഷമുണ്ടായ അപകടങ്ങളിൽ കൂടുതലും മരിച്ചതും പരിക്കേറ്റതും ഏഷ്യൻ സ്വദേശികൾക്കാണ്. മരിച്ചവരിൽ 225 പേരും ഏഷ്യക്കാരാണ്. 95 ഇമാറാത്തികളും 54 ജി.സി.സി പൗരന്മാരും മരിച്ചു. ഗുരുതര പരിക്കേറ്റവരിൽ 259 പേരും ഏഷ്യൻ പൗരന്മാരാണ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് 1031 അപകടങ്ങൾക്കും കാരണം.
പെട്ടെന്ന് ലൈൻ മാറിയത് 548 അപകടങ്ങൾക്ക് കാരണമായി. അകലം പാലിക്കാത്തതിനാൽ 484 അപകടങ്ങളുണ്ടായി. 94 ശതമാനം അപകടങ്ങളും മനുഷ്യരുടെ പിഴവിൽ നിന്നുണ്ടായതാണ്. ആറു ശതമാനം വാഹനത്തകരാർ മൂലവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.