,ദുബൈ: ഓർഡർ നൽകിയ ഭക്ഷണമെത്തിക്കാൻ വൈകിയതിന് കഴിഞ്ഞ വർഷം ‘കരീം’ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് തിരികെ നൽകിയത് 7,09,000 ദിർഹം. ഓർഡർ നൽകി നിശ്ചിത സമയത്തിന് ശേഷമുള്ള ഓരോ മിനിറ്റിനും ഒരു ദിർഹം വീതം ഉപഭോക്താവിന് തിരികെ നൽകുമെന്ന് കഴിഞ്ഞ വർഷം കരീം പ്രഖ്യാപിച്ചിരുന്നു. ഈ വർഷവും അത് തുടരാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, ഉപഭോക്താക്കൾക്ക് തിരികെ നൽകിയ പണം ഡെലിവറി റൈഡേഴ്സിൽനിന്ന് ഈടാക്കില്ലെന്ന് കമ്പനി വൈസ് പ്രസിഡന്‍റ് ജാസ്കരൻ സിങ് വ്യക്തമാക്കി.
2022ലും 23ലും ലഭിച്ച ഓർഡറുകളിൽ ഭൂരിഭാഗവും കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. 20ൽ ഒരു ഓർഡർ മാത്രമാണ് നിശ്ചയിച്ച സമയം മറികടന്നത്. വിതരണം കൃത്യസമയത്ത് നടത്താൻ ഡെലിവറി റൈഡർമാരെ സമ്മർദത്തിലാക്കുന്നതിനേക്കാൾ സുരക്ഷിതമായി റൈഡ് ചെയ്യുന്നവർക്ക് ബോണസ് നൽകി സുരക്ഷ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
റീഫണ്ട് ചെയ്യുന്ന പണം ഉപഭോക്താവിന്‍റെ കരീം പേ വാലറ്റിൽ നിക്ഷേപിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇത് മറ്റ് പ്ലാറ്റ്ഫോം സർവിസുകളിൽ ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിക്കാനുമുള്ള അവസരമുണ്ട്.
2020ലാണ് ദുബൈ കേന്ദ്രീകരിച്ച് കരീം ആപ്ലിക്കേഷൻ പ്രവർത്തനം തുടങ്ങിയത്. മൊറോക്കോ മുതൽ പാകിസ്താൻവരെ 10 രാജ്യങ്ങളിലായി 70 നഗരങ്ങളിൽ കമ്പനി സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.