ദുബൈ: ലോകം ഉറ്റുനോക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികൾ പങ്കുവെച്ചത് ശുഭപ്രതീക്ഷ. യു.എ.ഇ ആതിഥ്യമരുളുന്ന സമ്മേളനം ആദ്യദിനത്തിൽ തന്നെ നാശനഷ്ട നിധിക്ക് ഐകകൺഠ്യേന അംഗീകാരം നൽകിയത് പ്രതിനിധികൾ ആഹ്ലാദപൂർവമാണ് സ്വീകരിച്ചത്. ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഇക്കാര്യം വെളിപ്പെടുത്തി.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിന് നടപടികളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സമാനമായ നിലപാടാണ് പങ്കുവെക്കുന്നത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളും വലിയ രീതിയിൽ കോപ് ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ നേടുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾക്കും പ്രതിനിധികൾക്കും ഊഷ്മളമായ സ്വീകരണമാണ് ദുബൈയിൽ ലഭിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനത്തിൽ പ്രമുഖ ഭരണാധികാരികളുമായും രാഷ്ട്രത്തലവൻമാരുമായും കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ചാൾസ് രാജാവ്, പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന, ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, ചൈനീസ് പ്രത്യേക ദൂതൻ ഡിങ് സൂക്സിയാങ് എന്നിവരുമായി ഖൈ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുെക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരും ഉച്ചകോടി വേദിയിലും മറ്റുമായി ശൈഖ് മുഹമ്മദിനെ കാണും.
ലോകനേതാക്കൾ ദുബൈയിൽ ഒത്തുകൂടുമ്പോൾ പൊതുനന്മയിലും ഭാവി തലമുറയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോപ് 28 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
നേരത്തെ ദുബൈയിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ തീരുമാനിച്ച അദ്ദേഹം ആരോഗ്യ കാരണങ്ങളെ തുടർന്ന് ബുധനാഴ്ച യാത്ര റദ്ദാക്കുകയായിരുന്നു. ചില രാജ്യങ്ങളുടെയോ ബിസിനസുകളുടെയോ നിക്ഷിപ്ത താൽപര്യങ്ങളേക്കാൾ പൊതുനന്മയിലും അവരുടെ കുട്ടികളുടെ ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രജ്ഞരായിരിക്കട്ടെ കോപ് 28ൽ പങ്കെടുക്കുന്നവർ -മാർപ്പാപ്പ എക്സിൽ കുറിച്ചു. അവർ രാഷ്ട്രീയത്തിന്റെ കുലീനത പ്രകടിപ്പിക്കട്ടെ, അതിന്റെ നാണക്കേടല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ സർക്കാറുകളുടെയും വ്യക്തികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. കോപ് 28 സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ശൈഖ് ഹംദാൻ അഭിപ്രായം രേഖപ്പെടുത്തിയത്.
സുസ്ഥിര രീതികൾ സ്വീകരിക്കുന്നതിലും പരിസ്ഥിതി ബോധമുള്ള ഭാവിയുടെ വികസനത്തിന് നേതൃത്വം നൽകുന്നതിലും യു.എ.ഇ ഒരു ആഗോള മാതൃകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനും സുസ്ഥിരമായ നാളേക്ക് അടിത്തറയിടാനും കഴിയുന്ന സംരംഭങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.