ദുബൈ: യു.എ.ഇയിൽ നിന്ന് ഇന്ത്യൻ യാത്രികരുടെ എണ്ണം കുറഞ്ഞതോടെ അധിക ബാഗേജും കുറഞ്ഞ നിരക്കും നൽകി വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ് ഉൾപെടെയുള്ള കമ്പനികൾ 40 കിലോ ബാഗേജാണ് നൽകുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ഈ ഓഫർ നൽകുന്നു.
എല്ലാ സർവീസുകൾക്കും ഇളവ് നൽകുന്നില്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം സർവീസുകളിലും ബാഗേജ് ഇളവുണ്ട്. ഇതിന് പുറമെ, അധിക ബാഗേജിന് ഈടാക്കിയിരുന്ന നിരക്കിലും ഇളവ് വരുത്തിയിട്ടുണ്ട്. 50 ദിർഹം (1000 രൂപ) നൽകിയാൽ പത്ത് കിലോ കൂടി അധികമായി ഉൾപെടുത്താമെന്ന ഓഫറാണ് സ്പൈസ്ജെറ്റ് മുന്നോട്ടുവെക്കുന്നത്. നേരത്തെ ഇത് 200 (4000 രൂപ) ദിർഹമായിരുന്നു. 25 ദിർഹം (500 രൂപ) നൽകിയാൽ അഞ്ച് കിലോ അധികമായി ഉൾപെടുത്താം.
യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്കും വളരെ കുറവാണ്. 300 ദിർഹം (6000 രൂപ) മുതൽ തുടങ്ങുന്നു നിരക്ക്. സാധാരണ 600-700 ദിർഹമാണ് (12,000-14,000 രൂപ) ടിക്കറ്റ് നിരക്ക്. അതേസമയം, ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇപ്പോഴും നിരക്ക് കൂടുതലാണ്. എക്സ്പോ ഉൾപെടെയുള്ള മഹാമേളകൾ നടക്കുന്നതും സാധാരണ നില വീണ്ടെടുത്തതുമാണ് യു.എ.ഇയിലേക്ക് തിരക്ക് വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.