ഷാർജ: വായന വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകലോകം വിശാലമാക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. കൂടുതൽ മേഖലകളിൽ പുസ്തകം ലഭ്യമാകുന്ന തരത്തിൽ ‘ഹൗസ് ഓഫ് വിസ്ഡം നെറ്റ്വർക്’ (എച്ച്.ഒ.ഡബ്ല്യൂ) എന്ന പേരിൽ ലൈബ്രറി ശൃംഖല വ്യാപിപ്പിക്കുകയാണ് ഷാർജ. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) കേന്ദ്രങ്ങളിൽനിന്ന് പുസ്തകമെടുക്കാനും അവിടെത്തന്നെ തിരിച്ചുനൽകാനുമുള്ള സംവിധാനമാണ് ഒരുക്കുന്നത്.
ഹൗസ് ഓഫ് വിസ്ഡമിന്റെ സ്മാർട്ട് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. ഇതിന്റെ പരീക്ഷണഘട്ടം ഷുറൂഖ് സി.ഇ.ഒ അഹ്മദ് അൽ ഖസീർ ഉദ്ഘാടനം ചെയ്തു. ഷാർജ പുസ്തകമേളയിൽനിന്ന് വാങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ ലഭ്യമാണ്.
ഷുറൂഖിന്റെ എല്ലാ കേന്ദ്രങ്ങളിലും പുസ്തകം ലഭ്യമാക്കുന്ന തരത്തിലേക്ക് വ്യാപിപ്പിക്കും. മലീഹ ആർക്കിയോളജിക്കൽ സെന്റർ, ചേഡി അൽ ബൈത്, കൽബ കിങ്ഫിഷർ റിട്രീറ്റ് എന്നിവിടങ്ങളിലും ലൈബ്രറികൾ സ്ഥാപിക്കും. സന്ദർശകർക്ക് ഷാർജയുടെ പൈതൃകവും ചരിത്രവും പര്യവേക്ഷണം ചെയ്യാനും ഇത് സഹായിക്കും. ബഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡമിന്റെ മാതൃക പിൻപറ്റിയാണ് ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡമും ശൃംഖല വ്യാപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.