ദുബൈ: ദുബൈ നഗരത്തിലേക്ക് ആർ.ടി.എയുടെ വക പുതിയ ഒരതിഥി കൂടിയെത്തി. ഓൺലൈൻ വഴി പണമടച്ച് ഇ -സ്കൂട്ടറുകൾ ഉപയോഗിക്കുന്ന സംവിധാനം തിങ്കളാഴ്ച മുതൽ ആർ.ടി.എ നടപ്പാക്കി തുടങ്ങി. പരീക്ഷണഘട്ടം വിജയിച്ചതിെൻറ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ അഞ്ചു സ്ഥലങ്ങളിൽ ഇ- സ്കൂട്ടർ ഇറക്കിയത്.
ദുബൈ ഇൻറർനെറ്റ് സറ്റി, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, മുഹമ്മദ് ബിൻ റാശിദ് ബോൽവർദ്, ജുമൈറ ലേക് ടവേഴ്സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇ -സ്കൂട്ടറുകൾ ഇറക്കിയത്. ജനസാന്ദ്രത, സ്വകാര്യ സ്ഥാപനങ്ങളുടെ വികസനം, പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, അടിസ്ഥാന സൗകര്യം, ഗതാഗത സുരക്ഷ റെക്കോഡ് എന്നിവ വിലയിരുത്തിയാണ് ഈ മേഖലകളെ പരിഗണിച്ചത്.
കരീം, ലൈം, ടിയർ, അർണബ്, സിക്രത് എന്നീ കമ്പനികൾക്കാണ് നടത്തിപ്പ് ചുമതല. ഇവരുടെ മൊബൈൽ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മിനിമം നിരക്ക് മൂന്നു ദിർഹവും ഓരോ മിനിറ്റിനും 50 ഫിൽസുമാണ് അടക്കേണ്ടത്. ആപ് വഴി പണം അടക്കാൻ സൗകര്യമുണ്ടാവും. ചെറുയാത്രകൾക്ക് ഉപകാരപ്പെടുന്നതാണ് ഇ സ്കൂട്ടറുകൾ. ഗതാഗതക്കുരുക്കിൽപെടാതെ ജോലിസ്ഥലങ്ങളിൽ എത്താമെന്നതാണ് പ്രധാന ഗുണം. ചെറുയാത്രകളിൽ ടാക്സി ഒഴിവാക്കി ഇ -സ്കൂട്ടറുകൾ ഉപയോഗിക്കാം. ജി.പി.എസ് ഘടിപ്പിച്ചതിനാൽ വാഹനത്തിെൻറ യാത്ര ഉടമകൾക്ക് ട്രാക്ക് ചെയ്യാം. നടത്തിപ്പ് കമ്പനികൾക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല.
സൈക്കിൾ ട്രാക്കുകളിലൂടെയാണ് യാത്ര. 14 വയസ്സിൽ താഴെയുള്ളവർക്ക് ഉപയോഗിക്കാൻ അനുമതിയില്ല. യാത്രക്കാർ ഹെൽമറ്റ് ധരിക്കണം. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. റോഡ് നിയമങ്ങൾ ഇ -സ്കൂട്ടറിനും ബാധകമാണ്. നിശ്ചയിച്ച പ്രദേശങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. അതിന് കഴിഞ്ഞില്ലെങ്കിൽ, കാൽനടക്കാർക്കും സൈക്ലിസ്റ്റുകൾക്കും തടസ്സമാകാത്ത രീതിയിൽ പാർക്ക് ചെയ്യണം. ഒരു വാഹനത്തിൽ ഒരാൾ മാത്രം. നിശ്ചിത ലൈനുകൾക്ക് പുറത്തുകൂടി ഓടിക്കരുതെന്നും നിർദേശമുണ്ട്.
മണിക്കൂറിൽ 20 കിലോമീറ്ററാണ് വേഗം. ഒരു വർഷത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇ-സ്കൂട്ടറുകൾ ആർ.ടി.എ നിരത്തിലിറക്കിയത്. 2019ൽ ഇ -സ്കൂട്ടറുകൾ റെൻറിന് കൊടുക്കുന്നത് നിരോധിച്ചിരുന്നു. മറ്റ് യാത്രികർക്ക് അപകടകരമാകുന്ന രീതിയിൽ ഇ -സ്കൂട്ടറുകൾ പറപറന്നതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, സ്വന്തം വാഹനം ഓടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നില്ല.
ഇ- സ്കൂട്ടറുകൾക്കായി പ്രത്യേക നിയമാവലി തയാറാക്കുന്നത് ആർ.ടി.എയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബൈ പൊലീസും ആർ.ടി.എയും ചർച്ച നടത്തിയിരുന്നു. സൈക്കിൾ പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമവും ചട്ടങ്ങളും കൊണ്ടുവരാനാണ് തീരുമാനം. ദുബൈയിൽ 425 കിലോമീറ്റർ സൈക്കിൾ പാതയുണ്ട്. 2025ഓടെ ഇത് 647 കിലോമീറ്ററായി ഉയർത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.