അബൂദബി: സ്വകാര്യ കമ്പനി ഉടമകള്‍ക്ക് തൊഴിലാളിലാളികളോടുള്ള പ്രത്യേക ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കി മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയലുകള്‍ പരിപാലിക്കണമെന്നതാണ് പ്രധാന നിർദേശം. തൊഴിലാളിയുടെ സേവനം അവസാനിച്ച് രണ്ടുവര്‍ഷം വരെ ഇവ കമ്പനികള്‍ സൂക്ഷിക്കണം. തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചുവയ്ക്കാനോ തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം രാജ്യം വിടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്.
പരിശീലനം, പിഴകൾ, പാരിതോഷികങ്ങള്‍ തുടങ്ങിയ തൊഴില്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കണം. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി ഉചിതമായ താമസസൗകര്യം ഒരുക്കി നല്‍കുകയോ അതിനാവശ്യമായ പണമോ ശമ്പളത്തിനു പുറമേ തൊഴിലാളികള്‍ക്ക് നല്‍കണം. തൊഴിലാളികളുടെ വൈഭവം വികസിപ്പിക്കുന്നതിനായി അവര്‍ക്ക് പരിശീലനവും പുനരധിവാസവും ശാക്തീകരണ ഉപകരണങ്ങളും പദ്ധതികളും നല്‍കണം.
ജോലിക്കിടെയുണ്ടാവുന്ന പരിക്കുകളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് മതിയായ പരിരക്ഷണം നല്‍കണം. അത്തരം അപായങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കണം.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പുവരുത്താന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. തൊഴിലിന്റെ സ്വഭാവത്തിനനുസൃതമായ ഉപകരണങ്ങളും രീതികളുമാണോ തങ്ങള്‍ക്കുള്ളതെന്നും കൂടാതെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു തൊഴിലാളികള്‍ ബോധവാന്മാര് ആണോയെന്നും സ്ഥാപനം ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് രാജ്യത്തെ നിയമത്തിനനുസൃമായ ചികില്‍സ നല്‍കുകയും ഇതിന്റെ ചെലവ് സ്ഥാപനം വഹിക്കുകയും വേണം.
ജീവനക്കാരുടെ ഇന്‍ഷുറന്‍സിന്റെയും ഗാരന്റികളുടെയും ചെലവ് സ്ഥാപനം വഹിക്കണം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കരുത്. തൊഴിലാളിയുടെ അഭ്യര്‍ഥന പ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ സൗജന്യമായി തന്നെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ജോലിക്കു ചേര്‍ന്ന തീയതിയും അവസാനിപ്പിച്ച തീയതിയും ആകെയുള്ള തൊഴില്‍ കാലയളവും ഇതില്‍ രേഖപ്പെടുത്തിയിരിക്കണം.
തൊഴിലാളിക്ക് മറ്റു ജോലികള്‍ ലഭിക്കുന്നതിന് വിഘാതമാവുന്നതോ കീര്‍ത്തിക്ക് കുറവുതട്ടുന്നതോ ആയ യാതൊന്നും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. തൊഴിലാളിയുടെ മടക്കയാത്രയുടെ ചെലവ് കരാര്‍പ്രകാരം സ്ഥാപനം വഹിക്കണം. തൊഴിലാളി മറ്റേതെങ്കിലും തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറുകയോ അല്ലെങ്കില്‍ തൊഴിലാളിയുടെ കുഴപ്പം മൂലം ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ ചെയ്യുകയാണെങ്കില്‍ ഈ വ്യവസ്ഥ തൊഴിലുടമ പാലിക്കേണ്ടതില്ല. തൊഴിലാളിയാവണം ഈ സാഹചര്യങ്ങളില്‍ യാത്രാച്ചെലവ് വഹിക്കേണ്ടത്.
സുരക്ഷിതവും ഉചിതമായതുമായ തൊഴില്‍ സാഹചര്യങ്ങള്‍ നല്‍കണം. തൊഴില്‍ കരാറുകള്‍ തൊഴില്‍ ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് തൊഴിലുടമയില്‍ നിന്ന് തൊഴിലാളിക്ക് തൊഴില്‍മന്ത്രാലയം അംഗീകരിച്ച കരാര്ഫോറത്തില് തൊഴില്‍ ഓഫര്‍ ലഭിച്ചിരിക്കണം. പെര്‍മിറ്റ് ഇഷ്യൂ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ അത് തൊഴില്‍ വാഗ്ദാനത്തിന് സമാനമായിരിക്കുകയും വേണം.
തൊഴില്‍ വാഗ്ദാനത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് കൂട്ടിച്ചേര്‍ക്കുന്നത് അനുവദനീയമാണ്. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും മന്ത്രാലയ തീരുമാനങ്ങള്‍ക്കും വിരുദ്ധമല്ലാത്ത രീതിയില്‍ കരാറില്‍ അനുബന്ധങ്ങള്‍ ചേര്‍ക്കുന്നതും അനുവദനീയമാണ്. മന്ത്രാലയം അംഗീകരിച്ച തൊഴില്‍ വാഗ്ദാന ഫോറത്തില്‍ ബാര്‍കോഡ് ഉണ്ടാവും.
ഇതിന്റെ ആധികാരികത 600590000 എന്ന നമ്പരില്‍ വിളിച്ചോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ ഉറപ്പുവരുത്താവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.