ദുബൈ: അൽ റാസിലെ ഒഴികെയുള്ള എല്ലാ പൊതു ലൈബ്രറികളും പ്രവർത്തനം പുനരാരംഭിച്ചതായി ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈകൾച്ചർ) അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ലൈബ്രറികളെല്ലാം പ്രവർത്തിക്കും. എങ്കിലും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവൻറുകളും വർക്ക് ഷോപ്പുകളും താൽക്കാലികമായി നിർത്തിെവക്കുമെന്നും ദുൈബ കൾച്ചർ ചൂണ്ടിക്കാട്ടി. എമിറേറ്റിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും 60 വയസ്സിനു മുകളിലുള്ളവരെയും 12 വയസ്സിന് താഴെയുള്ള കുട്ടികളെയും പൊതു സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിച്ചുമുള്ള സുപ്രീം സമിതിയുടെ തീരുമാനത്തെ തുടർന്നാണ് ദുബൈ പബ്ലിക് ലൈബ്രറികൾ വീണ്ടും തുറന്നത്. സന്ദർശകരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് സമഗ്ര മുൻകരുതൽ നടപടികൾ നടപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ കൾച്ചർ ഉറപ്പ് നൽകി. എല്ലാ സന്ദർശകരും മറ്റുള്ളവരുമായി രണ്ട് മീറ്റർ ദൂരം സാമൂഹ്യഅകലം നിർബന്ധമായും പാലിക്കണം. ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നവരെയെല്ലാം താപ സ്ക്രീനിങ്ങിന് വിധേയമാക്കണം. കൂടാതെ സാനിറ്റൈസറുകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുകയും വേണം. ജീവനക്കാരും സന്ദർശകരും ഫേസ്മാസ്ക്കുകൾ ധരിക്കണം. ലൈബ്രറികളുടെ എല്ലാ മേഖലകളും ഇടക്കിടെ അണുവിമുക്തമാക്കുമെന്നും ദുബൈ കൾച്ചർ കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് പരിമിതപ്പെടുത്തുന്നതിന് യു.എ.ഇയിൽ സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് അനുസൃതമായി മാർച്ച് പകുതി മുതൽ പൊതു ലൈബ്രറികൾ അടച്ചിരുന്നു. ദുബൈയുടെ പബ്ലിക് ലൈബ്രറികൾ ഉപയോഗപ്പെടുത്താനും അവ നൽകുന്ന വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ദുബൈ കൾച്ചർ പൊതുജനങ്ങളെ ക്ഷണിച്ചു. വിവര സേവനങ്ങൾ, വിപുലീകരണങ്ങൾ, റഫറൻസുകൾ, സംക്ഷിപ്ത വിവരങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ദുബൈയിലെ പൊതു ലൈബ്രറികളിൽ ലഭ്യമാണ്. വിജ്ഞാന സംബന്ധമായ തിരച്ചിലുകൾക്കും ഡാറ്റാബേസുകൾ, ഇൻറർനെറ്റ്, മൾട്ടിമീഡിയ സേവനങ്ങൾ എന്നിവയിലൂടെ വലിയ അളവിൽ വിവരങ്ങൾ വേഗത്തിൽ നേടുന്നതിനും വിപുലമായ ഇലക്ട്രോണിക് സേവനങ്ങളും ലൈബ്രറി ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.