അബൂദബി: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സുമായി സഹകരിച്ച് നടത്തുന്ന പരസ്യ, പ്രമോഷൻ പ്രവർത്തനങ്ങൾക്ക് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി അധികൃതര്‍. നിയമം ലംഘിച്ചാൽ 3000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടിയും നേരിടേണ്ടിവരുമെന്ന് സാമ്പത്തിക വികസന വകുപ്പ് (ആഡഡ്) വ്യക്തമാക്കി.
ജൂണ്‍ 20നാണ് സാമ്പത്തിക വികസന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. വെബ്സൈറ്റുകളിലൂടെ പരസ്യം നല്‍കുന്നതിന് മുമ്പായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് സാമ്പത്തിക വികസന വകുപ്പില്‍നിന്ന് ലൈസന്‍സ് നേടിയിരിക്കണം. പരസ്യം, മാര്‍ക്കറ്റിങ്, മറ്റ് പ്രമോഷനല്‍ പരിപാടികള്‍ എന്നിവ നടത്തുന്നതിനു മുമ്പായി സ്ഥാപനങ്ങളും സാമ്പത്തിക വികസന വകുപ്പില്‍നിന്ന് അനുമതി വാങ്ങണം.
സോഷ്യല്‍ മീഡിയ ഇന്ഫ്ലുവന്സേഴ്സുമായും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റുകളുമായും കരാറിലേര്പ്പെടുന്നതിനുമുമ്പ് സാമ്പത്തിക വികസന വകുപ്പ് നല്കുന്ന സാധുവായ ലൈസന്‍സ് അവര്‍ക്കുണ്ടോയെന്ന് ഉറപ്പാക്കിയിരിക്കണം എന്നും വിജ്ഞാപനത്തില്‍ പറയുന്നു.ബിസിനസും ബ്രാന്‍ഡുകളും പ്രമോട്ട് ചെയ്ത് പണം സമ്പാദിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് മീഡിയ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്ന് 2018ല്‍ ദേശീയ മാധ്യമ കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു.
ലൈസന്‍സില്ലാതെ ഇത്തരം ജോലികള്‍ ചെയ്ത് പണം സമ്പാദിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് ലൈസന്‍സ് കരസ്ഥമാക്കുകയോ അല്ലെങ്കില്‍ 5000 ദിര്‍ഹം പിഴ അടക്കുകയോ ചെയ്യണമെന്ന് 2019ല്‍ അധികൃതര്‍ ഓര്‍മിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശീയ മാധ്യമ കൗണ്‍സിലിലെ ഒരു സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ വന്‍തോതില്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് വലിയ തുകയാണ് ബ്രാന്‍ഡുകളും ബിസിനസുകളും പ്രമോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇത്തരക്കാരെയാണ് അധികൃതര്‍ നിയന്ത്രിക്കുന്നത്.
അതേസമയം, പണം വാങ്ങാതെ ദിനേന പോസ്റ്റുകള്‍ ഇടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന് ഈ നിയമം ബാധകമല്ല. പണത്തിനായി സമൂഹ മാധ്യമങ്ങളിലൂടെ ബ്രാന്‍ഡുകളും ബിസിനസുകളും പ്രമോട്ട് ചെയ്യുന്നവരും ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.