ദുബൈ: ലോകത്തെ ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റാൻ വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘ദുബൈ ജീവിത ഗുണനിലവാര നയം 2033’ എന്നു പേരിട്ട പദ്ധതി ചൊവ്വാഴ്ചയാണ് ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി 200 സംരംഭങ്ങളാണ് രൂപപ്പെടുത്തുന്നത്. ഇതുവഴി 20 മിനിറ്റ് ദൂരത്തിൽ എല്ലാ അവശ്യവസ്തുക്കളും ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. ഒരേസമയം കാൽനടക്കാർക്ക് യോജിച്ച, കുടുംബസൗഹൃദ പട്ടണമായി ദുബൈയെ മാറ്റാൻ സംരംഭം സഹായിക്കും.
200 പാർക്കുകളുടെ നിർമാണം, ബീച്ചുകളിലെ സൈക്ലിങ് ട്രാക്ക് 300 ശതമാനം വർധിപ്പിക്കൽ, രാത്രി നീന്തൽ സൗകര്യമുള്ള ബീച്ചുകളുടെ നീളം 60 ശതമാനം വർധിപ്പിക്കൽ, സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ചുകൾ സജ്ജമാക്കൽ, നഗരപ്രാന്തങ്ങളുടെ സമഗ്രമായ വികസന പദ്ധതി എന്നിവ ഇതിലുൾപ്പെടും. അതോടൊപ്പം 1,000 വാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. കായിക, സാമൂഹിക, സാംസ്കാരിക, കലാ, വിനോദ പരിപാടികൾ ഇതിലുൾപ്പെടും. സംരംഭം സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് നടപ്പിലാക്കുക.
കുടുംബങ്ങളുടേയും വിനോദസഞ്ചാരികളുടേയും ആകർഷണ കേന്ദ്രമായി മാറിയ ദുബൈയിൽ നിലവിൽതന്നെ 190ലേറെ പാർക്കുകളുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്. അടുത്ത വർഷം 30 പുതിയ പാർക്കുകൾ കൂടി പ്രഖ്യാപിച്ചിട്ടുമുണ്ട്.
മെഗാ പാർക്കുകൾ മുതൽ താമസസ്ഥലങ്ങളിലെ പാർക്കുകളും ചെറിയ കമ്യൂണിറ്റി കളിസ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടും. പാർക്കുകൾക്ക് പുതുതലമുറ രൂപകൽപനയാണ് സ്വീകരിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. അൽ നഹ്ദ, ഖിസൈസ്, അൽ വർക എന്നിവിടങ്ങളിൽ തുറന്ന പാർക്കുകൾക്ക് സ്വീകരിച്ച രീതിയാണ് പുതിയ പാർക്കുകൾക്കും ഉപയോഗിക്കുക. ദുബൈയിലെ ജനസംഖ്യ വളർച്ചകൂടി പരിഗണിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.