അബൂദബി: അല്‍ റുവൈസ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന റുവൈസ് ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) പദ്ധതിക്കുവേണ്ടി ജര്‍മന്‍ കമ്പനിയായ എസ്.ഇ.എഫ്.ഇയുമായി ദീര്‍ഘകാല വില്ക്കല്, വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ച് അഡ്നോക്.
അഡിപെക് 2024 വേദിയിലായിരുന്നു 15 വർഷത്തേക്കുള്ള കരാര്‍ ഒപ്പുവെക്കല്‍. പ്രതിവര്‍ഷം 10 ലക്ഷം ടണ്ണിന്റെ വിതരണ കരാറാണ് അഡ്നോക്കും എസ്.ഇ.എഫ്.ഇയുമായി ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം 2028ന്റെ തുടക്കത്തില്‍ റുവൈസ് എല്‍.എന്‍.ജി പദ്ധതിയില്‍ നിന്നുള്ള എല്‍.എന്‍.ജി വിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി റുവൈസ് എല്‍.എന്‍.ജി പദ്ധതിയിലൂടെ പ്രതിവര്‍ഷം 70 ലക്ഷം ടണ്ണിലധികം വിതരണം ചെയ്യാനാണ് ദീര്‍ഘകാല കരാറുകളിലൂടെ ഉദ്ദേശിക്കുന്നത്.
ജര്‍മനിയുടെ ഊര്‍ജ വിതരണത്തിലെ നാലിലൊന്നില്‍ കൂടുതലും പ്രകൃതിവാതകമാണെന്നും എസ്.ഇ.എഫ്.ഇ കരാറിലൂടെ ജര്‍മനിയുടെ ഊര്‍ജ സുരക്ഷക്ക് പിന്തുണ നല്‍കാനാവുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അഡ്നോക്കിനു കീഴിലെ ഡൗണ്‍സ്ട്രീം ബിസിനസ് മാനേജ്മെന്റ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഫാത്തിമ അല്‍ നുഐമി പറഞ്ഞു.
കാര്‍ബണ്‍ തീവ്രത കുറഞ്ഞ ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതക നിലയങ്ങളിലൊന്നായ റുവൈസ് എൽ.എൻ.ജി പ്ലാന്റ് ഈ കരാറിലൂടെ ശുദ്ധോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമേഷ്യയിലെയും ആഫ്രിക്ക റീജ്യനിലെയും പ്രഥമ എല്‍.എന്‍.ജി കയറ്റുമതി കേന്ദ്രമായാണ് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.