അബൂദബി: മുസഫ വ്യവസായ നഗരിയിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സെക്ടർ തിരിച്ചുള്ള ലോക്ഡൗണും കോവിഡ് പരിശോധന യജ്ഞവും പുരോഗമിക്കുന്നു. അബൂദബി ഐക്കാഡ് സിറ്റിക്കു സമീപത്തെ എം-37, എം-40 സെക്ടറുകളിലാണ് ലോക്ഡൗണും വ്യാപകമായ കോവിഡ് പരിശോധനയും ഇതിനകം പൂർത്തീകരിച്ചത്.
അബൂദബി പൊലീസും, ആരോഗ്യ വകുപ്പും ചേർന്ന് പഴുതടച്ചാണ് ലോക്ഡൗൺ നടപ്പാക്കുന്നത്. ലോക്ഡൗൺ തുടരുന്ന പ്രദേശത്തു താമസിക്കുന്നവർക്ക് വെളിയിലിറങ്ങാൻ അനുവാദമില്ല. ഈ സെക്ടറിലെ മുഴുവൻ താമസക്കാരും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മൊബൈൽ പി.സി.ആർ പരിശോധന കേന്ദ്രത്തിലെത്തി സാമ്പ്ൾ നൽകി താമസ സ്ഥലത്തു തന്നെ കഴിയണം.
നെഗറ്റിവ് റിസൽറ്റ് ലഭിക്കുന്നവർക്ക് ഈ ഭാഗത്തുനിന്ന് പുറത്തുപോകാം. പരിശോധനയിൽ പോസിറ്റിവ് ആകുന്നവരെ സർക്കാർ ക്വാറൻറീൻ സെൻററിലേക്കു മാറ്റും. അവിടെ 10 ദിവസം ക്വാറൻറീനിൽ കഴിയുന്നതോടൊപ്പം ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും നൽകും.
ക്വാറൻറീൻ സെൻററിൽ സൗജന്യ താമസവും ഭക്ഷണവും ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇപ്പോൾ മുസഫ വ്യവസായ നഗരിയിലെ എം-17 സെക്ടറിലാണ് ലോക്ഡൗൺ തുടരുന്നത്. വ്യവസായ നഗരിയിൽ ഒട്ടേറെ കൊറോണ വൈറസ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണും പരിശോധന യജ്ഞവും നടത്തുന്നതെന്ന് അധികൃർ അറിയിച്ചു.
വിവിധ സെക്ടറുകളിലെ റോഡുകൾ അടച്ചിട്ടാണ് താമസക്കാർക്കും ആ ഭാഗത്ത് ജോലി ചെയ്യുന്നവർക്കും മറ്റു സ്ഥലത്തേക്ക് പോകാനാവാത്തനിലയിൽ കോവിഡ് പരിശോധന തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.