ദുബൈ: ദേശീയ അണുനശീകരണ യജ്ഞത്തിെൻറ ഭാഗമായി കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെ നിയമലംഘനം നടത്തിയ 969 കാൽനടക്കാർക്ക് പിഴ ശിക്ഷ. നഗരപ്രാന്തങ്ങളിൽ രാത്രികാലത്ത് പട്രോളിങ് നടത്തുന്ന കുതിര പൊലീസാണ് പിഴ ചുമത്തിയത്. കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ച 260 വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ദുബൈ പൊലീസിന് കീഴിലെ കുതിര പൊലീസ് സേനയുടെ പട്രോളിങ്ങും വർധിപ്പിച്ചിരുന്നു. ഇടുങ്ങിയ പ്രദേശങ്ങളിലും പൊലീസ് വാഹനങ്ങൾക്ക് കടന്നുചെല്ലാനാവാത്ത പ്രദേശങ്ങളിലും വളരെ എളുപ്പത്തിൽ കുതിര പൊലീസിന് എത്താനാകുമെന്നതിനാൽ ചലന നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ചലന നിയന്ത്രണങ്ങളെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനും കുതിര പൊലീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഓരോ പ്രദേശത്തും ഒരു ജോടി കുതിരകളെയാണ് വിന്യസിക്കുന്നത്. പ്രധാന മേഖലകളായ ജുമൈറ, അൽ ബർഷ, അൽ ദിയാഫ, റാഷിദിയ, അൽ ജാഫിലിയ, അൽ ഖുസൈസ്, ഹോർ അൽ അൻസ്, സത് വ, ബർ ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പട്രോളിങ് നടത്തുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്ന് എല്ലാ ദിവസവും ലഭിക്കുന്ന പ്രദേശങ്ങളുടെ ഒരു ലിസ്്റ്റ് അനുസരിച്ചാണ് പര്യടനം - ക്യാപ്റ്റൻ അൽ ജല്ലഫ് പറഞ്ഞു. എല്ലാ ദിവസവും ഞങ്ങളുടെ ഡോക്ടർമാർ കുതിരകളുടെ അവസ്ഥ പരിശോധിക്കുകയും ആരോഗ്യക്ഷമതയുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുബൈയിലെ നിവാസികളുടെ മാത്രമല്ല ഞങ്ങളുടെ കുതിരകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് മുൻഗണനയാണെന്ന് അൽ ജല്ലഫ് കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ അവരുടെ വീടുകളിൽ തന്നെ കഴിയുകയാണെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന കടമ.
പ്രത്യേക അനുമതിയില്ലാതെ തെരുവുകളിൽ അവശ്യ തൊഴിലാളികളൊഴികെ ആരെയെങ്കിലും കണ്ടെത്തിയാൽ, ഞങ്ങൾ അവരുടെ എമിറേറ്റ്സ് ഐഡികൾ പരിശോധിക്കുന്നു, ഒപ്പം സാഹചര്യത്തെ ആശ്രയിച്ച് ഞങ്ങൾ അവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയോ പിഴ ചുമത്തുകയോ ചെയ്യുന്നു. സാധാരണ ദിവസങ്ങളിൽ അപകടമോ മറ്റു അസാധാരണമായ എന്തെങ്കിലും കണ്ടെത്തിയാൽ, ഉടൻ തന്നെ കമാൻഡ് കൺട്രോൾ സെൻററിൽ റിപ്പോർട്ടുചെയ്യും. അതിലൂടെ കൂടുതൽ നടപടികൾ പൊലീസിന് കൈക്കൊള്ളാൻ കഴിയും- കുതിര പൊലീസിെൻറ പ്രവർത്തന രീതി വിശദീകരിച്ച് ക്യാപ്റ്റൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.