ഒഴുകിപ്പരക്കുന്ന വായന

ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയായ ലോഗോസ് ഹോപ് അബൂദബിയിലുമെത്തി. മിന സായിദ് പോര്‍ട്ടിലെത്തിയ ലോഗോസ് ഹോപ് ജൂണ്‍ നാല് വരെ തുറമുഖത്ത് നങ്കൂരമിടും. സന്ദര്‍ശനം സൗജന്യമാണ്. അയ്യായിരത്തിലധികം പുസ്തകങ്ങളാണ് മേളയിലുള്ളത്. 65ലേറെ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലില്‍ ഉള്ളത്. ഇതു തങ്ങളുടെ വീടാണെന്നും എല്ലാ അതിഥികളെയും വസതിയിലേക്ക് ക്ഷണിക്കുകയാണെന്നും ലോഗോസ് ഹോപ് കപ്പിത്താന്‍ ലോനറ്റ് വ്ലാദ് പറഞ്ഞു. റൊമാനിയക്കാരനായ ലോനറ്റ് വ്ലോദ് ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം കപ്പലിലാണ് കഴിഞ്ഞുവരുന്നത്.

മെയ് 22 മുതല്‍ 28 വരെ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ സമയത്തും ലോഗോസ് ഹോപ് അബൂദബിയില്‍ നങ്കൂരമിടുന്നു എന്നത് യാദൃശ്ചികതയാണെന്ന് അറബിക് ഭാഷാകേന്ദ്രം ചെയര്‍മാന്‍ ഡോ. അലി ബിന്‍ തമീം ഉദ്ഘാടനവേളയില്‍ പറഞ്ഞു. ലോഗോസ് ഹോപ് തനിമയുള്ള മനോഹരഗാഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശില്‍പ്പശാലകള്‍, സംവാദം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് കപ്പലില്‍ അരങ്ങേറുക. 32ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയും, അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ മെയ് 22 മുതല്‍ മെയ് 28 വരെ നടക്കുകയാണ്. രാവിലെ ഒമ്പത്​ മുതല്‍ രാത്രി 10 വരെയാണ് പുസ്തകമേളയുടെ സമയം. കുട്ടികളെ ലക്ഷ്യമിട്ട് രചനാ, ചിത്രരചനാ പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും മേളയിലുണ്ട്.

അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പാണ് മേളയുടെ സംഘാടകര്‍. പരിഭാഷകരും പ്രസാധനാലയങ്ങളുമായി 200ലേറെ സ്ഥാപനങ്ങളാണ് പുസ്തകമേളയിലെത്തുക. ഒരുലക്ഷത്തി അമ്പതിനായിരത്തിലേറെ സന്ദര്‍ശകരെയാണ് മേളയില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ശില്‍പ്പശാലകള്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയ മേളയില്‍ അരങ്ങേറും. ഇതിനു പുറമേ ബ്ലാക്ക് ബോസ് സിനിമ മേളയില്‍ പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കലാ പ്രദര്‍ശനങ്ങളും മേളയില്‍ അരങ്ങേറും.

Tags:    
News Summary - Logos Hope in u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.