ദുബൈ: യു.എ.ഇ പൗരന്മാരായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷത്തെ അവധി നൽകാൻ തീരുമാനം. കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ച അവധി നിർദേശം ജനുവരി രണ്ടുമുതൽ നടപ്പിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ജോലി നഷ്ടപ്പെടുത്താതെ തന്നെ ഇമാറാത്തികൾക്ക് ബിസിനസ് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം. യു.എ.ഇയുടെ ‘പ്രോജക്ട് ഓഫ് ദ 50’യുടെ ഭാഗമായാണ് നടപടി. അവധിയെടുക്കുന്ന കാലത്ത് ശമ്പളത്തിന്റെ പകുതി ലഭിക്കും. ജീവനക്കാരൻ ജോലി ചെയ്യുന്ന ഫെഡറൽ അതോറിറ്റിയുടെ മേധാവിയാണ് അവധി അനുവദിക്കേണ്ടത്. അവധിക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. യു.എ.ഇയുടെ പുതുസാധ്യതകളെ പ്രയോജനപ്പെടുത്താൻ സർക്കാർ ജീവനക്കാരെയും പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്. യു.എ.ഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ലൈല ഉബൈദ് അൽ സുവൈദി പറഞ്ഞു. അവധിക്കായുള്ള മാനദണ്ഡങ്ങൾ തയാറാകുന്നുണ്ട്. സാമ്പത്തിക കാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഫെഡറൽ അതോറിറ്റി എന്നിവയുമായി ചേർന്ന് വിശദമായ മാർഗനിർദേശങ്ങൾ തയാറാക്കും.
വ്യവസായം തുടങ്ങാൻ അവധിയെടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാനും സംരംഭക മേഖലയിൽ അവരെ പിന്തുണക്കാനും യു.എ.ഇ ഗവൺമെന്റ് പിന്തുണ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.