സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ വ്യാജവാർത്ത നിയമനടപടിക്കൊരുങ്ങി ലുലു ജീവനക്കാർ

ദുബൈ: സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ എം.എ. യൂസുഫലിക്കെതിരെ വ്യാജവാർത്ത ചമച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി ലുലു ജീവനക്കാർ. ​യൂസുഫലിയെയും ലുലുവിനെയും അപകീർത്തി​പ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ വാർത്തയെന്നാരോപിച്ച്​ കേരളം, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, ബിഹാര്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാരാണ്​ പരാതി നൽകുന്നത്​.

ലോക്ഡൗണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസുഫലിയുടെ അനുജൻ അഷ്​റഫ്​ അലിയുടെ മകൻ ഫഹാസിന്​ യു.എ.ഇയിലേക്ക് പോകാന്‍ കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജവാര്‍ത്ത ചമച്ചതെന്ന്​ ലുലു വൃത്തങ്ങൾ അറിയിച്ചു. സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്നതിനും ഒരാഴ്ച മുമ്പുതന്നെ കൊച്ചിവഴി ഫഹാസ് ദു​ൈബയിലെത്തിയിരുന്നു.

കള്ളക്കടത്ത് സ്വര്‍ണം കൊടുത്ത് വിടാനുള്ള കത്ത്​ ഹഫാസി​െൻറ കൈയിൽ കോണ്‍സുലേറ്റ് ജനറല്‍ നല്‍കി എന്നാണ് വാർത്തയിൽ പറയുന്നത്​. ഇതിന്​ യാഥാർഥ്യവുമായി ബന്ധമില്ല. വിദ്യാര്‍ഥിയായ ഹഫാസ് ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിപ്പോയിരുന്നു. യു.എ.ഇയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോണ്‍സല്‍ ജനറലി​െൻറ അനുമതി കത്ത് ആവശ്യമായി വന്നു. അന്ന്​ യു.എ.ഇയില്‍ ആയിരുന്ന കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കി കത്ത് തിരികെ അയച്ചു. ഈ കത്തി​െൻറ പകർപ്പ്​ സ്വപ്നക്കും ലഭിച്ചു. താന്‍ കോണ്‍സുലേറ്റ് ജീവനക്കാരി ആണെന്ന് വ്യക്തമാക്കാന്‍ സ്വപ്ന ഈ കത്തി​െൻറ കോപ്പി ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിക്കൊപ്പം നല്‍കി. ഇതു വളച്ചൊടിച്ചാണ് വാർത്ത നൽകിയത്​.

ജൂണ്‍ 30നാണ്​ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര വഴിയില്‍ ഉള്ള സ്വര്‍ണം എത്തുന്നതും തടഞ്ഞു​വെക്ക​ുന്നതും. എന്നാല്‍, ഫഹാസ് ദു​ൈബയിലേക്ക് പോയത് ജൂണ്‍ 23ന്​ കൊച്ചിയിൽ നിന്നാണ്. വ്യാജവാര്‍ത്ത സൃഷ്​ടിച്ചതിനും മനഃപൂര്‍വം വ്യക്തിഹത്യ നടത്തിയതിനും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യയിലെ ലുലു ജീവനക്കാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.