ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ 50 ടൺ സഹായവസ്തുക്കളാണ് രണ്ടാം ഘട്ട സഹായമായി കൈറോയിലുള്ള ലുലു ഗ്രൂപ് റീജനൽ ഓഫിസ് മുഖാന്തരം ഈജിപ്ത് റെഡ്ക്രസന്റിന് കൈമാറിയത്. ലുലു ഈജിപ്ത് മാർക്കറ്റിങ് മാനേജർ ഹാതെം സെയിദിന്റെ നേതൃത്വത്തിലാണ് സഹായവസ്തുക്കൾ ഇന്നലെ ഈജിപ്ത് റെഡ്ക്രസന്റിന് കൈമാറിയത്. ലുലു ഈജിപ്ത് ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജനൽ ഡയറക്ടർ ഹുസെഫ ഖുറൈഷി, റെഡ് ക്രസന്റ് അധികൃതർ എന്നിവരും സംബന്ധിച്ചു.
ലുലു കൈമാറിയ സഹായങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് ലക്ഷ്യമെന്ന് ഈജിപ്ത് റെഡ്ക്രസന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റാമി എൽ നാസർ അറിയിച്ചു. ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായഹസ്തത്തിന് ലുലു ഗ്രൂപ്പിനോടും എം.എ. യൂസുഫലിയോടും എൽ. നാസർ പ്രത്യേകം നന്ദി അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട സഹായമായി 50 ടൺ അവശ്യവസ്തുക്കൾ ലുലു ഈജിപ്ത് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ ഗസ്സയിലെ ജനങ്ങൾക്ക് എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.