അബൂദബി: ജീവനക്കാർക്ക് ലുലു ഗ്രൂപ്പ് നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. മുസഫ വ്യവസായ നഗരിയിലെ ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാർക്ക് ലുലു ഗ്രൂപ്പ് കെട്ടിട സമുച്ചയം നിർമിച്ചത്. 10.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സമുച്ചയത്തിൽ പതിനായിരത്തിലേറെ ജീവനക്കാർക്കുള്ള താമസ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
20 വിവിധോദ്ദേശ കെട്ടിടങ്ങളോടെയുള്ള സമുച്ചയം മൂന്ന് നിലകളിലാണ്. ഇതിൽ 11 കെട്ടിടങ്ങൾ ജീവനക്കാർക്ക് താമസിക്കാനുള്ളതാണ്. ജീവനക്കാരുടെ കായിക, വിനോദ ഉല്ലാസങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ട്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട്ട സമുച്ചയം ഒരുക്കുന്നതിന് 22 ഏക്കറോളം സ്ഥലം അനുവദിച്ച അബൂദബി ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി കൃതജ്ഞത അറിയിച്ചു. സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ ലുലു ഗ്രൂപ്പ് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
ഫുട്ബാൾ ഗ്രൗണ്ട്, ബാസ്കറ്റ്ബാൾ കോർട്ട്, വോളിബാൾ കോർട്ട് തുടങ്ങിയ ഔട്ഡോർ കായിക ഇനങ്ങൾക്കും, ടേബിൾ ടെന്നീസ് ഉൾപ്പെടെയുള്ള ഇൻഡോർ ഇനങ്ങൾക്കുമായുള്ള വിശാല സജ്ജീകരണങ്ങൾ ജീവനക്കാരുടെ കായികക്ഷമത വർധിപ്പിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ജിംനേഷ്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേന്ദ്രീകൃത അടുക്കള, ഭക്ഷണം കഴിക്കുന്നതിനായി രണ്ട് നിലകളിലായുള്ള വിശാലമായ ഹാൾ, അത്യാധുനിക ലോൺഡ്രി സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കഫ്തീരിയ, റസ്റ്ററൻ്റ്, സലൂൺ എന്നിവയും ഇവിടെയുണ്ട്. വിശാലമായ അങ്കണത്തോടു കൂടിയ പള്ളിയും ക്ലിനിക്കും പ്രവർത്തിക്കുന്നു. സി.സി.ടി.വി ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സിസ്റ്റവും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സഹപ്രവർത്തകർക്കായി ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന താമസ സമുച്ചയങ്ങൾ മറ്റ് നഗരങ്ങളിലും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എം.എ. യൂസുഫലി അറിയിച്ചു. ദുബൈയിലെ സമുച്ചയത്തിെൻറ നിർമാണം ആരംഭിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ വരും നാളുകളിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.