ദുബൈ: പ്രമുഖ റീട്ടെയിലർമാരായ ലുലു ഗ്രൂപ് കശ്മീരിൽ ഭക്ഷ്യസംസ്കരണ ശാല തുടങ്ങുന്നു. യു.എ.ഇയിലെത്തിയ കശ്മീർ സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു-കശ്മീർ അഗ്രികൾചർ പ്രൊഡക്ഷൻ പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ഇന്ത്യൻ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ ഉച്ചകോടിക്ക് യു.എ.ഇയിൽ എത്തിയതാണ് ഇവർ.
പഴം, പച്ചക്കറി, പയറുവർഗങ്ങൾ, സുഗന്ധവ്യഞ്ജനം, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവയാൽ സമൃദ്ധമായ ജമ്മു-കശ്മീരിൽ സ്ഥാപനം തുറക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് യൂസുഫലി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്ന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന ലുലു ഗ്രൂപ് കശ്മീരിൽ എത്തുന്നതോടെ ജി.സി.സി രാജ്യങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കശ്മീരി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് വർധിക്കും. നിലവിൽ കശ്മീരിൽ നിന്ന് ആപ്പിളും കുങ്കുമപ്പൂവും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം നവംബർവരെ 400 ടൺ ആപ്പിൾ കശ്മീരിൽനിന്ന് എത്തിച്ചു. ഇത് വരുംവർഷങ്ങളിൽ ഗണ്യമായി ഉയരും.
അത്യാധുനിക ഫുഡ് പ്രോസസിങ്, പാക്കേജിങ് സെൻററാണ് കശ്മീരിൽ തുറക്കുന്നത്. ഇത് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജി.സി.സിയിൽ കശ്മീരി ആപ്പിൾ ഇറക്കുമതി ചെയ്ത ആദ്യ റീട്ടെയ്ലർ ലുലുവാണെന്നും യൂസുഫലി പറഞ്ഞു. ജമ്മു-കശ്മീർ ഹോർട്ടികൾചർ അഡീഷനൽ സെക്രട്ടറി ജഹാംഗീർ ഹഷ്മി, കോമേഴ്സ് വിഭാഗം കോൺസുൽ നീലു റോഹ്റ, ലുലു ഡയറക്ടർ എ.വി. ആനന്ദ്, സി.ഒ.ഒ വി.ഐ. സലീം, ഡയറക്ടർ എം.എ. സലീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.