അബൂദബി: ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ ലുലു ഗ്രൂപ് സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്‍റെ മുന്നോടിയായി സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കർണാടകയിലെ വിജയപുര ജില്ലയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലുമായി ചർച്ച നടത്തി.
വിജയപുരക്ക് പുറമെ കൽബുർഗി, ബിജാപുർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും കാർഷികോൽപന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി യൂസുഫലി പറഞ്ഞു. 300 കോടിയുടെ നിക്ഷേപമാണ് ലുലു ഈ രംഗത്ത് ഉദ്ദേശിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ രണ്ട് ലുലു ഹൈപ്പർ മാർക്കറ്റുകളാണ് ഗ്രൂപ്പിനുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായും യൂസുഫലി ചർച്ച നടത്തി. തെലങ്കാനയിൽ ലുലു പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് യൂസുഫലി കൂടിക്കാഴ്ചക്കിടെ രേവന്ത് റെഡ്ഡിയെ അറിയിച്ചു.
സംസ്ഥാനത്ത് 3,500 കോടി രൂപയുടെ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, ഭക്ഷ്യ സംസ്കരണകേന്ദ്രം എന്നിവ ആരംഭിക്കും. പുതിയ സർക്കാർ എല്ലാ സഹകരണവും ലുലു ഗ്രൂപ്പിന് നൽകുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ശ്രീധർ ബാബു ഉൾപ്പെടെയുള്ളവരും ചർച്ചയിൽ സംബന്ധിച്ചു.
തെലങ്കാനയിലെ ആദ്യത്തെ ലുലുമാൾ ഹൈദരാബാദിൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.