ദുബൈ: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ആഗോള റീട്ടെയിൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇടംപിടിച്ച് ലുലു ഗ്രൂപ്പും. യു.എ.ഇ റീട്ടെയിൽ മേഖലയിൽനിന്നും രണ്ടു സ്ഥാപനങ്ങൾ മാത്രമാണ് ഇടംപിടിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിനു പുറമെ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിെൻറ ക്യാരിഫോറാണ് യു.എ.ഇയിൽനിന്ന് പ്രമുഖ ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്.
അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുൻനിരയിലുള്ളത്. ഇന്ത്യയിലെ റിലയൻസ് റീട്ടെയിൽ ഗ്രൂപ്പും പട്ടികയിലുണ്ട്. ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണ്. അബൂദബി ആസ്ഥാനമായ ലുലു ഗ്രൂപ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടാണ്. കോവിഡ്-19 ആഗോള വാണിജ്യ മേഖലകളെ മന്ദഗതിയിലാക്കുമ്പോൾ മുന്നോട്ടുള്ള പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്.
രണ്ടാഴ്ചക്കുള്ളിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ് ആരംഭിച്ചത്. യു.എ.ഇയിലെ അബൂദബി, ഈജിപ്തിലെ കൈറോ, ഇന്തോനേഷ്യയിലെ ജകാർത്ത എന്നിവിടങ്ങളിലാണിത്. ഇതോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 191 ആയി ഉയർന്നു. യു.എ.ഇയിൽ മാത്രം ഒരു വർഷത്തിനുള്ളിൽ എട്ടു മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
മറ്റ് ജി.സി.സി രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലും ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യൂസുഫലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.