ദുബൈ: റമദാൻ മാസത്തിൽ വിവിധ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്. പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർഥികൾക്കുള്ള ധനസഹായവും അവശ്യസാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന റമദാൻ കിറ്റ് പദ്ധതിയുമാണ് ലുലു നടപ്പാക്കുന്നത്. അബൂദബി യൂനിവേഴ്സിറ്റിയുമായും എമിറേറ്റ്സ് റെഡ് ക്രസൻറുമായും ചേർന്നാണ് വിദ്യാർഥികൾക്കുള്ള ധനസഹായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അബൂദബി യൂനിവേഴ്സിറ്റിയുടെ 'ഇഖ്റ'പദ്ധതിയിലൂടെയാണ് എമിറേറ്റ്സ് റെഡ് ക്രസൻറുമായി ചേർന്ന് പഠനത്തിൽ മികവ് തെളിയിച്ച 300 നിർധന വിദ്യാർഥികൾക്ക് സഹായം നൽകുന്നത്. ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇഖ്റ പദ്ധതിയിലേക്ക് രണ്ട് ദിർഹം സംഭാവനയായി നൽകാം. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം നിർധന വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് വിനിയോഗിക്കും.
അബൂദബി ഖാലിദിയ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബൂദബി യൂനിവേഴ്സിറ്റി ചാൻസലർ പ്രഫസർ വഖാർ അഹമ്മദ്, എമിറേറ്റ്സ് റെഡ് ക്രസൻറ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് യൂസഫ് അൽ ഫാഹിം, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ലുലു ഗ്രൂപ്, എമിറേറ്റ്സ് റെഡ് ക്രസൻറ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായി അബൂദബി യൂനിവേഴ്സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അലി സായിദ് ബിൻ ഹർമാൽ അൽ ദാഹിരി പറഞ്ഞു. റമദാൻ മാസത്തിൽ ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ടെന്ന് സൈഫി രൂപാവാല പറഞ്ഞു. സാമൂഹിക പങ്കാളിത്തത്തിലൂടെ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇത്തരത്തിലുള്ള പദ്ധതിയിലൂടെ കണ്ടെത്തുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി അഭിപ്രായപ്പെട്ടു.
കുറഞ്ഞ വിലക്ക് റമദാൻ കിറ്റ്
അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന 85 ദിർഹത്തിെൻറയും 125 ദിർഹത്തിെൻറയും കിറ്റുകളാണ് റമദാനിൽ ലുലു പുറത്തിറക്കുന്നത്. അരി, പാൽപ്പൊടി, എണ്ണ, എന്നിവയടങ്ങിയ ഉൽപന്നങ്ങളെല്ലാം വിപണി വിലയിലും കുറച്ചാണ് കിറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. യു.എ.ഇയിലെ വിവിധ ലുലു ഹൈപ്പർ -സൂപ്പർമാർക്കറ്റുകളിൽ നിന്നും നേരിട്ടോ ഓൺലൈനായോ കിറ്റ് വാങ്ങാം. റമദാനിലെ ഇളവുകൾ ലഭ്യമാക്കാൻ 40 ദശലക്ഷം ദിർഹമാണ് ലുലു വകയിരുത്തിയതെന്നും 30,000ത്തിലേറെ ഉൽപന്നങ്ങൾ ഇതിലുൾപ്പെടുമെന്നും ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.