കശ്‌മീരിൽ ലുലു ഗ്രൂപ്​ ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്‍റെ ധാരണപത്രത്തിൽ കശ്‌മീർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്​ എക്സിക്യൂട്ടിവ് ഡയറക്​ടർ എം.എ. അഷ്റഫ് അലിയും ഒപ്പുവെക്കുന്നു.

ജമ്മു-കശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹ, യു.എ.ഇ വ്യാപാര വകുപ്പ് മന്ത്രി താനി ബിൻ അഹ്​മദ് അൽ സെയ്​ദി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹ്​മദ് അൽ ബന്ന, ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്​ ചെയർമാൻ

എം.എ. യൂസുഫലി എന്നിവർ സമീപം

ജമ്മു-കശ്മീരില്‍ ലുലു മാളും ഭക്ഷ്യ സംസ്കരണ കേന്ദ്രവും

ദുബൈ: ജമ്മു-കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്​. ശ്രീനഗറിൽ ലുലു ഗ്രൂപ്​ ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ - ലോജിസ്റ്റിക്സ് കേന്ദ്രത്തിന്‍റെ ധാരണപത്രം ദുബൈ സിലിക്കൺ സെൻട്രലിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു.

ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്​ ചെയര്‍മാന്‍ എം.എ. യൂസുഫലി ജമ്മു-കശ്‌മീർ ലെഫ്​. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തിൽ പറഞ്ഞു. ജമ്മു- കശ്‌മീർ സർക്കാറിനുവേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത്​ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

യു.എ.ഇ. വിദേശ-വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്​മദ് അല്‍ സെയ്ദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്​മദ് അല്‍ ബന്ന, ദുബൈയിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

മൂന്നുദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ ലെഫ്‌. ഗവര്‍ണര്‍ മനോജ് സിന്‍ഹ ലുലു ഹൈപ്പര്‍മാർക്കറ്റില്‍ സംഘടിപ്പിച്ച 'കശ്മീര്‍ പ്രമോഷന്‍ വീക്ക്' ഉദ്ഘാടനം ചെയ്തു.

ഒരാഴ്ച നീളുന്ന പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, കുങ്കുമപ്പൂ, ഡ്രൈ ഫ്രൂട്‌സ്, ധാന്യവർഗങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമെത്തുന്നുണ്ട്. ജി.ഐ ടാഗുള്ള കശ്മീരി കുങ്കുമപ്പൂവിന്‍റെ പ്രദര്‍ശന ഉദ്ഘാടനം മനോജ് സിന്‍ഹ നിർവഹിച്ചു. ലുലു ഗ്രൂപ്​ നിലവില്‍ ജമ്മുകശ്മീരില്‍നിന്ന് ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. കുങ്കുമപ്പൂ കൂടി വില്‍പനയുടെ ഭാഗമാക്കുന്നതോടെ ലുലു ഗ്രൂപ്പുമായുള്ള വ്യാപാര ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ജമ്മു-കശ്മീരും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് യു.എ.ഇ വിദേശ-വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്​മദ് അല്‍ സെയ്ദി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന്​ എം.എ. യൂസുഫലി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Lulu Mall in Jammu Kashmir And food processing center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.