അബൂദബി: യു.എ.ഇയിലെ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ റമദാന് കാമ്പയിനുമായി ലുലു ഗ്രൂപ്. ഓണ്‍ലൈനായും ഓഫ്ലൈനായും പ്രത്യേക ഇളവുകളോടെ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന റമദാന് കാമ്പയിനിലൂടെ ഒരുക്കുന്നതെന്ന് ലുലു അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉല്പന്നങ്ങള്, ഫ്രഷ് ഉല്പന്നങ്ങള്, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ 10,000ത്തിലധികം ഉല്പന്നങ്ങള്ക്ക് റമദാന് കാമ്പയിന് കാലയളവില്‍ 60 ശതമാനം വരെ കിഴിവ് ലഭിക്കും.
ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈനിലും 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണെന്ന് ലുലു എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി അറിയിച്ചു. റമദാന് സീസണില്‍ പ്രത്യേകമായി ‘പ്രൈസ് ലോക്ക്’ സംരംഭവും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിലുടനീളം വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ, ഒരേവിലയില്‍ വില്ക്കാന് 200ലധികം ഉല്പന്നങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിരക്കുകളില്‍ വ്യതിയാനമില്ലാതെ താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഷ്റഫ് അലി പറഞ്ഞു.
റമദാന് ഷോപ്പിങ് എളുപ്പവും താങ്ങാവുന്ന വിലയിലുമാക്കുന്നതിന്റെ ഭാഗമായി അരി, പഞ്ചസാര, പാൽപൊടി, ലൈവ് ഫുഡ്, കസ്റ്റാര്‍ഡ് മിക്സുകള്‍, പാസ്ത, ധാന്യങ്ങള്‍, എണ്ണ എന്നിവ ഉള്‍പ്പെടുന്ന ‘റമദാന് കിറ്റ്’ ലുലു അവതരിപ്പിച്ചിട്ടുണ്ട്. 85 ദിര്‍ഹം, 120 ദിര്‍ഹം എന്നിങ്ങനെ രണ്ട് വലുപ്പത്തിലുള്ള കിറ്റുകള്‍ ലഭ്യമാണ്. ഈത്തപ്പഴ മഹോത്സവം, ഇറച്ചി മാര്‍ക്കറ്റ്, മധുര പലഹാരവിപണി, ഇഫ്താര്‍ ബോക്സുകള്‍, ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡ്, ഈദ് വില്പന തുടങ്ങിയ വിവിധ പ്രമോഷന് പരിപാടികള്‍ അവതരിപ്പിക്കും. റമദാനിൽ രാത്രി രണ്ടുവരെ ഹൈപര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.
ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുൽ മജീദ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഡയറക്ടര്‍ നിഷാദ് അബ്ദുൽ കരീം, മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, റീട്ടെയില്‍ ഓപറേഷന്‍സ് ഹെഡ് കെവിന് കണ്ണിങ് ഹാം, പ്രമോഷന് മാനേജര്‍ ഹനാന് അല്‍ ഹൊസ്നി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.