ദുബൈ: കടുത്ത വേനലിൽ തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാനായി യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12.30 മുതൽ മൂന്നുമണിവരെയാണ് വിശ്രമ സമയം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും.
സൂര്യപ്രകാശം നേരിട്ടേൽക്കുന്ന തൊഴിൽ ചെയ്യുന്നവർക്കാണ് നിയമം ബാധകം. തുടർച്ചയായ 20ാം വർഷമാണ് നിയമം പ്രഖ്യാപിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമൊരുക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗങ്ങളിലെ ജോലികൾക്ക് നിയമത്തിൽ ഇളവുണ്ട്. എന്നാൽ, ഇത്തരം അവശ്യ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് കുട, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകണമെന്നും പ്രഥമ ശുശ്രൂഷാ കിറ്റുകൾ കരുതണമെന്നും തൊഴിലുടമകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 60059000 എന്ന നമ്പറിലോ സ്മാർട്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ മുഖേനയോ വിവരം അറിയിക്കാം.
നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽവാർ വിലയിരുത്തി. കടുത്ത ചൂടിൽ ഡെലിവറി ഡ്രൈവർക്കായി 6,000 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.