ദുബൈ: തൊഴിലാളികൾക്ക് വേനൽക്കാലത്ത് അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. തുറസ്സായ സ്ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമമനുവദിക്കേണ്ടത്. സെപ്റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട് ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയം വിശ്രമം അനുവദിക്കുന്നത്.
ഏതെങ്കിലും സ്ഥാപനം ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പറായ 80060ലേക്ക് വിളിച്ച് അറിയിക്കാം. നാലു പ്രധാന ഭാഷകളിൽ 24 മണിക്കൂറും ടോൾഫ്രീ നമ്പറിൽ അറിയിക്കാൻ സാധിക്കും. വിശ്രമമനുവദിക്കുന്നതിന്‍റെ പേരിൽ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറിൽ വർധിപ്പിക്കാൻ പാടില്ല. എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ അധികനേരത്തെ ജോലിക്ക് പ്രത്യേക കൂലി നൽകണം.
തൊഴിലുടമകൾ ജോലിസ്ഥലത്തെ ഒരു പ്രധാന സ്ഥലത്ത് ദൈനംദിന ജോലി സമയത്തിെൻറ സമയക്രമം രേഖപ്പെടുത്തി പട്ടിക സ്ഥാപിക്കണം.അറബിക്ക് പുറമെ, തൊഴിലാളികൾക്ക് മനസ്സിലാകുന്ന ഭാഷയിലും ഇതുണ്ടാകണം. മെഷീനുകളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുേമ്പാൾ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് വിശ്രമമനുവദിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന നിലയിലാണ് പിഴ. നിരവധി തൊഴിലാളികളുണ്ടെങ്കിൽ പരമാവധി 50000 ദിർഹം പിഴ ഈടാക്കും.
അബൂദബി: തൊഴിലാളികളെ ചൂടിൽനിന്ന് സുരക്ഷിതരാക്കാൻ ബോധവത്കരണവുമായി 'ചൂടിൽനിന്ന് സുരക്ഷ' കാമ്പയിന് അബൂദബി പൊതുജനാരോഗ്യ കേന്ദ്രം തുടക്കം കുറിച്ചു. തൊഴിലുടമകളും സൂപ്പർവൈസർമാരും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ അവബോധം സൃഷ്ടിക്കാനാണ് കാമ്പയിൻ.
കനത്ത വെയിലിൽ ജോലി െചയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങളും സുരക്ഷാ മാർഗങ്ങളും തൊഴിലാളികളെയും ബോധവത്കരിക്കും. തൊഴിലാളികളെയും തൊഴിലുടമകളെയും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കാൻ അബൂദബി സർക്കാറിനുള്ള താൽപര്യം കാമ്പയിൻ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ കേന്ദ്രം ഡയറക്ടർ ജനറൽ മത്വാർ അൽ നുഐമി പറഞ്ഞു. ചൂട് മൂലമുണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറക്കാൻ നിയന്ത്രണവും കാമ്പയിനും ഗുണം ചെയ്യും.
അബൂദബിയിലെ നിർമാണം, മാലിന്യം, ഊർജം, ടൂറിസം, സംസ്കാരം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യം എന്നീ മേഖലകളിലെ സർക്കാറിെൻറ പങ്കാളികളായ സ്ഥാപനങ്ങളുമായി ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.