ഫുട്​ബാൾ ലോകകപ്പിൽ താരമായ ‘​​ഫ്ലോട്ടിങ്​ ഹോട്ടൽ’ ദുബൈയിൽ

ദുബൈ: ഖത്തറിലെ ലോകകപ്പ്​ ഫുട്​ബാൾ കാലത്ത്​ ആരാധകർക്ക്​ താമസമൊരുക്കി ശ്രദ്ധ നേടിയ എം.എസ്‌.സി വേൾഡ് യൂറോപ്പ എന്ന ക്രൂസ്​ കപ്പൽ ദുബൈയിലെത്തി. ലോകകപ്പിൽ വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന ഹോട്ടൽ അഥവാ ‘​​ഫ്ലോട്ടിങ്​ ഹോട്ടൽ’ എന്ന നിലയിൽ ഏറെ വാർത്തകളിൽ ഇത്​ ഇടംപിടിച്ചിരുന്നു. ദോഹയിൽ നിന്ന് നാല് രാത്രികൾ സഞ്ചരിച്ചാണ്​ കപ്പൽ 4500യാത്രക്കാരുമായി ദുബൈ പോർട്ട്​ റാശിദിൽ നങ്കൂരമിട്ടത്​. ശൈത്യകാല ടൂറിസത്തിന്‍റെ ഭാഗമായാണ്​ ക്രൂസ്​ ഇപ്പോൾ പ്രവർത്തിക്കുന്നത്​.

ക്യാപ്റ്റൻ മാർക്കോ മാസയുടെ നേതൃത്വത്തിലുള്ള കപ്പലിനും ജീവനക്കാർക്കും ദുബൈ അധികൃതർ ഊഷ്മളമായ സ്വീകരണം ഒരുക്കി. 14തവണകളായി ക്രൂസ്​ കപ്പൽ 1.89ലക്ഷം ടൂറിസ്റ്റുകളെ ദുബൈയിൽ എത്തിക്കാനാണ്​ പദ്ധതിയുള്ളത്​. ലോകകപ്പിൽ ആരാധകർക്ക് താമസം ഒരുക്കാനായി വേൾഡ് യൂറോപ്പ ഫ്രാൻസിൽ നിന്നാണ്​ ഖത്തറിൽ എത്തിച്ചേർന്നത്​. അത്യാഡംബര സൗകര്യങ്ങളാണ് കപ്പലിൽ ലഭ്യമായിട്ടുള്ളത്. കടലിലെ കൊട്ടാരം എന്നറിയപ്പെടുന്ന കപ്പലിൽ പരമ്പരാഗത താമസ സൗകര്യങ്ങൾക്ക് പുറമെ വിവിധ ആകർഷണീയതകൾ ഒരുക്കിയിട്ടുണ്ട്​. ഏതാനും വർഷങ്ങളായി ഫ്രാനസിലെ സെന്‍റ്​ നസയ്‌റിലെ ഷിപ്പ്‌യാർഡിൽ പണിപ്പുരയിലായിരുന്നു കപ്പൽ. നിർമാണം പൂർത്തിയാക്കി, കഴിഞ്ഞ മാസങ്ങൾക്ക്​ മുമ്പ്​ മാത്രമാണ് ഉടമസ്ഥരായ എം.എസ്‌.സി വേൾഡിന് കൈമാറിയത്. കപ്പലിന്‍റെ ആദ്യ ദൗത്യമായിരുന്നു ലോകകപ്പ് താമസ കേന്ദ്രമെന്നത്​. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് എന്ന പ്രത്യേകത ഇതിനുണ്ട്​. കപ്പലിന് 333 മീറ്റർ നീളവും, 68 മീറ്റർ ഉയരവുമാണ് വലിപ്പം. ആറ് വിശാലമായ നീന്തൽ കുളങ്ങൾ, 14 വേൾപൂൾ, തെർമൽ ബത്ത്, ബ്യൂട്ടി സലൂൺ, ജിം, വെൽനെസ് സെന്റർ, സ്പാ ഇങ്ങനെ പോകുന്നു സൗകര്യങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - luxury cruise ship served as a floating hotel for the World Cup reached duabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.