ദുബൈ: ഗൾഫിലേത് എല്ലാ മതസ്ഥരെയും ഒരുമിച്ച് കൊണ്ടുപോകുന്ന വിശാലതയുള്ള ഭരണകൂടമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഈദ് സന്ദേശത്തിൽ പറഞ്ഞു. എല്ലാവർക്കും ഇവിടെ വരാനും അവരുടെ മതം അനുഷ്ഠിക്കാനും ജോലി ചെയ്യാനും അതിൽ നിന്ന് കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക് അയക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. എം.എ. യൂസുഫലിക്കെതിരായ പി.സി. ജോർജിന്‍റെ പരാശമർശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തിന്‍റെ പെരുന്നാൾ സന്ദേശം.
ഗൾഫിലെ കരുണയുള്ള ഭരണകർത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്ഥരും ഒരുപോലെയാണ്. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകർത്താക്കളാണ് ഇവിടെയുള്ളത്. ഇവിടെ അമ്പലവും ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയുമെല്ലാമുണ്ട്. സഹിഷ്ണുതക്ക് മന്ത്രിയുണ്ട്. 14 ഏക്കറിൽ അബൂദബിയിൽ വിശാലമായ ഹൈന്ദവ ക്ഷേത്രം നിർമാണം പുരോഗമിക്കുന്നു. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പള്ളികളുണ്ട്. ഒരു പള്ളിയുടെ പേര് തന്നെ മസ്ജിദ് മറിയം ഉമ്മു ഈസ എന്നാണ്. മതസൗഹാർദത്തിന് ഗൾഫ് പ്രസിദ്ധമാണ്. വിശാല കാഴ്ചപ്പാടുള്ള മതമാണ് ഇസ്ലാം. അന്യമതസ്തരെയും അന്യ മതത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
സ്നേഹത്തിന്റെയും സൗഹാർദത്തിന്‍റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകൾ മനസിലാക്കാനും കഴിയുന്ന മാസത്തിൽ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരൻമാർക്കും ഈദ് ആശംസകൾ നേരുന്നുവെന്നും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.