ഷാർജ: രാജ്യപുരോഗതിക്ക് ആവശ്യമായ ശൈലി സ്വീകരിച്ചാൽ മാധ്യമങ്ങൾക്ക് ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷനിൽ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുമായി എല്ലാ കാലത്തും നല്ലബന്ധം കാത്തുസൂക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. പ്രവാസലോകത്ത് അത്തരം സ്ഥാപനങ്ങളെ പിന്തുണക്കാനും സഹായിക്കാനും മുൻകാലങ്ങളിൽ കഴിഞ്ഞു. കേരളം വികസിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമങ്ങൾ സംസ്ഥാനത്തെ സാധ്യതകളെ കുറിച്ച് നല്ല വാർത്തകൾ പങ്കുവെക്കുകയാണ് വേണ്ടത്.
അടുത്ത തലമുറക്ക് സുഖകരമായി ജീവിക്കാനും ജോലിചെയ്യാനും സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ സഹായിക്കുന്ന ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. അത്തരം ഒരു ഉദ്യമമായാണ് കമോൺ കേരളയെ മനസ്സിലാക്കുന്നത് -അദ്ദേഹം പറഞ്ഞു. അബൂദബിയിൽ ഉയരുന്ന ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം യു.എ.ഇ കാണിക്കുന്ന മതപരമായ സഹിഷ്ണുതയെ വെളിപ്പെടുത്തുന്നതാണ്. പ്രവാസികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കി സഹായിക്കുന്ന യു.എ.ഇ ഭരണകൂടവും ഭരണാധികാരികളും ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരിക്കലും വിസ്മരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.