യു.എ.ഇയുടെ ഭക്ഷണ വിതരണ പദ്ധതിയിലേക്ക്​ എം.എ. യൂസുഫലിയുടെ നാല്​ കോടി രൂപ

ദുബൈ: റമദാനിൽ അർഹതപ്പെട്ടവരിലേക്ക്​ ഭക്ഷണപ്പൊതികൾ എത്തിക്കാൻ യു.എ.ഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ്​ പദ്ധതിയിലേക്ക്​ ലുലു​ ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി 20 ലക്ഷം ദിർഹം (നാല്​ കോടി രൂപ) നൽകി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലേക്ക്​ ഒരു ഇന്ത്യൻ സംരംഭകൻ നൽകുന്ന ഏറ്റവും വലിയ തുകയാണിത്​. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്, യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാഷിദ് ചാരിറ്റബിൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്. 50 രാജ്യങ്ങളിലെ പാവപ്പെട്ടവരിലേക്ക്​ ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണിത്​.

മഹത്തായ മാനുഷിക സംരംഭത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യൂസുഫലി പറഞ്ഞു. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നൽകുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി. വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ദുബൈ ഭരണാധികാരിയുടെ ഈ പ്രവർത്തനം മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ മൂന്നാം വർഷമാണ്​ യൂസുഫലി പദ്ധതിയുടെ ഭാഗമാകുന്നത്​. കഴിഞ്ഞ വർഷം നടപ്പാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ 10 ലക്ഷം ദിർഹമാണ് യൂസഫലി നൽകിയത്. ഇക്കുറി പലസ്തീൻ, ജോർദാൻ, സുഡാൻ, ബ്രസീൽ, കെനിയ, ഘാന, അംഗോള, നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, എതോപ്യ, കിർഗിസ്ഥാൻ ഉൾപ്പെടെ 50 രാജ്യങ്ങളിലെ നൂറു കോടി ആളുകൾക്കാണ് സഹായം എത്തിക്കുന്നത്.​

Tags:    
News Summary - MA Yusuff Ali donates 4 crores to UAEs food distribution scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.