ഷാർജ: മലയാളി സമൂഹത്തിനാകെ അഭിമാനമായി ഗൾഫ് മാധ്യമം ‘കമോൺ കേരള’ ആറാം വർഷത്തിലെത്തുമ്പോൾ പ്രവാസി സമൂഹം ഇതിനെ നെഞ്ചേറ്റിയെന്നതിന് ഷാർജ എക്സ്പോ സെന്ററിൽ ഒഴുകിയെത്തിയ ജനസാഗരം സാക്ഷി. മികവിലും സന്ദർശകപ്രവാഹത്തിലും ഓരോ വർഷവും പുതിയ ഉയരങ്ങൾ താണ്ടിയാണ് കമോൺ കേരള പ്രയാണം തുടരുന്നത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ മേളയായ ‘കമോൺ കേരള’. മേള എന്ന ഖ്യാതിക്കൊത്ത മികവും പങ്കാളിത്തവും ഇത്തവണയുമുണ്ടായി. ‘തീരാത്ത’ കൗതുകക്കാഴ്ചകളുടെ തുടർച്ചയിലേക്കാണ് കമോൺ കേരള വാതിൽ തുറക്കുന്നത്. ആദ്യമേ കാണുന്നത് 100 അടി നീളത്തിലും 38 അടി വീതിയിലും 20 അടിയിൽ തലയുയർത്തി നിൽക്കുന്ന പത്തേമാരിയാണ്.
തൊട്ടടുത്തായി രണ്ട് ഗജവീരന്മാരുടെ തലയെടുപ്പ്. കേവലമായ ഉൽപന്ന പരിചയപ്പെടുത്തലിനപ്പുറം കൺകുളിർമയേകുന്ന കാഴ്ച വിരുന്നാണ് കമേഴ്സ്യൽ പവിലിയനുകൾ. നാട്ടിലെ തെരുവും നിർമിതികളും ഇവിടെ പുനരാവിഷ്കരിച്ച കലാമികവിന് കൈയടിക്കണം. ലക്ഷത്തിനടുത്ത് ആളുകൾ ഓരോ ദിവസവും സ്റ്റാളുകളിൽ കയറിയിറങ്ങുന്നു. മിനി സ്റ്റേജിൽ ഇടമുറിയാതെ വിവിധ പരിപാടികൾ.
സ്റ്റേജിൽ മാത്രമല്ല പവിലിയനിലും ഫുഡ് കോർട്ടിലും മത്സര വേദികളിലും ആക്ടിവിറ്റി സ്റ്റേജിലുമടക്കം ഏത് മൂലയിലും സർപ്രൈസായി കടന്നുവന്ന് രസക്കൂട്ടുകൾ തീർക്കുന്ന ഇൻസ്റ്റഗ്രാം താരങ്ങളായ കൊമ്പൻകാട് കോയയും കുഞ്ഞാപ്പുവും (അബ്ദുൽ കരീം എന്ന ലാലയും നസീർ എന്ന ഷിക്കുവും). പ്രധാന വേദിയിൽ വൈകീട്ട്, നാട്ടിൽനിന്നെത്തിയ പ്രമുഖ കലാകാരന്മാരുടെ സംഗീത വിരുന്ന്. അതും കഴിഞ്ഞ് ‘നന്ദി അടുത്ത വർഷം വീണ്ടും കാണാം’ എന്ന ബോർഡും വായിച്ച് പുറത്തിറങ്ങുമ്പോൾ തന്നെ ‘അടുത്ത വർഷവും ഉറപ്പായും ഞാനുമുണ്ടാകുമെന്ന്’ ആളുകൾ മനസ്സിലുറപ്പിക്കുന്നു.
അറിവും ആനന്ദവും ഒത്തുചേർന്ന ഉത്സവം തന്നെയായി കമോൺ കേരള മാറി. നാടിന്റെ തുടിപ്പ് മറുനാട്ടിൽ അനുഭവിച്ചറിയാൻ ലഭിച്ച അവസരം പ്രവാസി സമൂഹം നന്നായി ഉപയോഗപ്പെടുത്തി. പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ വിദേശികളും മേളയിലെത്തി. മലയാളത്തിന്റെ തുടിപ്പ് കണ്ട മറുനാട്ടുകാരും നിറമനസ്സോടെ ഗംഭീരമായിരിക്കുന്നുവെന്ന് സമ്മതിച്ചു.
ശനിയാഴ്ച രാവിലെ ലിറ്റിൽ ആർട്ടിസ്റ്റോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. പാചക റാണിമാരേയും റാണികളേയും കണ്ടെത്താനുള്ള ‘ഡസർട്ട് മാസ്റ്റർ’ ഫൈനൽ മത്സരവും ഇന്ന് നടക്കും. പ്രമുഖ പാചക വിദഗ്ധൻ രഘുപ്രസാദ് പിള്ള, സെലിബ്രിറ്റി ഷെഫ് ബീഗം ഷാഹിന എന്നിവരാണ് ഫൈനൽ മത്സരത്തിലെ വിധി കർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.