അബൂദബി: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം ഫെസ്റ്റ് സീസൺ 2’ ആഘോഷമാക്കി പ്രവാസികൾ. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടി പതിനായിരത്തോളം പേർ സന്ദർശിച്ചു. മലപ്പുറം ജില്ലയുടെ മതസൗഹൃദം, സമൃദ്ധമായ പാരമ്പര്യം, കലാപൈതൃകം, സാംസ്കാരിക വൈവിധ്യം, കൂടാതെ തനതായ രുചികളെയും പരമ്പരാഗത ഭക്ഷണങ്ങളെയും ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വേദിയായി മഹിതം മലപ്പുറം ഫെസ്റ്റ് മാറി.
യു.എ.ഇ. കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വനിതാ സെഷനിൽ മലബാറിന്റെ പെൺ മനസ്സ് എന്ന വിഷയത്തിൽ അഡ്വ. നജ്മ തബ്ഷിറ, മാധ്യമ പ്രവർത്തകരായ ജസിത സഞ്ജിത്, ഹുസ്ന റസാഖ് എന്നിവർ സംസാരിച്ചു.
‘മലപ്പുറം, അറിഞ്ഞതും പറഞ്ഞതും’ എന്ന വിഷയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, രാഹുൽ ഈശ്വർ, ഡോ. അനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഷുക്കൂറലി കല്ലുങ്കൽ മോഡറേറ്ററായി.
45 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ വിഭജനം അനിവാര്യമാണെന്ന് സമ്മേളനം ഒരുമിച്ചുള്ള പ്രമേയമായി പാസാക്കി. റാസ ബീഗം ബാൻഡിന്റെ ഗസൽ പരിപാടിയും ഒരുക്കിയിരുന്നു. പാണക്കാട് മുനവറലി തങ്ങൾ മുഖ്യാതിഥിയായിരുന്നു. അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ചു.
കെ.കെ ഹംസക്കോയ സ്വാഗതം പറഞ്ഞു. പി. ബാവ ഹാജി (പ്രസിഡന്റ്, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ) എം.ഹിദയത്തുള്ള (ജനറൽ സെക്രട്ടറി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ), എം.പി.എം റഷീദ്, വി.പി.കെ അബ്ദുല്ല, യൂസഫ് മാട്ടൂൽ, റഷീദ് പട്ടാമ്പി, അഷറഫ് പൊന്നാനി, അഷറഫ് അലി പുതുക്കുടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.