ഷാർജ: അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡും ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലെ റോഡുകൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്.ആർ.ടി.എയുടെ പദ്ധതിക്കായാണ് റോഡ് അടച്ചിടൽ. ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവർത്തനങ്ങളും രണ്ട് ഘട്ടങ്ങളിലായി നടത്തും. ഷാർജ ഡൗൺടൗൺ, റോള, അജ്മാൻ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടം.
ഞായറാഴ്ച അർധരാത്രി മുതൽ പുലർച്ച അഞ്ചിന് ജോലി ആരംഭിച്ച് നവംബർ 28ന് അവസാനിക്കും. എതിർദിശ ദുബൈയിലേക്കുള്ള ഗതാഗതത്തിനായി തുറന്നിരിക്കും. രണ്ടാം ഘട്ടം ദുബൈ ദിശയിലേക്കാണ്. 29 തിങ്കളാഴ്ച അർധരാത്രി മുതൽ പുലർച്ച അഞ്ചിന് തുടങ്ങി ഡിസംബർ 13ന് അവസാനിക്കും. ഷാർജയിലേക്കുള്ള ദിശ ഗതാഗതത്തിനായി തുറന്നിരിക്കും.
റോഡ് നവീകരണത്തിനും വിപുലീകരണത്തിനും പിന്തുണ നൽകാൻ ഷാർജ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെൻറ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ മുഹമ്മദ് അല്ലായി അൽ നഖ്ബി പറഞ്ഞു. ഗതാഗതം വഴിതിരിച്ചുവിടാനും നഗരത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും റോഡിൽ പട്രോളിങ് ശക്തമാക്കും.
പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള റോഡ് വഴിതിരിച്ചുവിടൽ ബോർഡുകൾ പാലിക്കണമെന്നും ശ്രദ്ധാപൂർവം വാഹനം ഓടിക്കണമെന്നും പ്രദേശത്ത് എത്തുമ്പോൾ വേഗപരിധി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. നിർദേശങ്ങൾക്കും പരാതികൾക്കും 80086767 എന്ന നമ്പറിൽ വിളിക്കാമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.